രാജ്യം ഭരിക്കുന്നവര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാരമ്പര്യം നശിപ്പിച്ചെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനു നേരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാരമ്പര്യം നശിപ്പിച്ചെന്നും ഇവര്‍ രാജ്യത്തിന് അപമാനമാണെന്നും സോണിയ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ജനാധിപത്യത്തെ ഏകീകരിക്കുകയും അടിസ്ഥാനമൂല്യങ്ങളെ ഉറപ്പിക്കുകയും ചെയ്തത് ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവാണ്. ആ മൂല്യങ്ങളിലാണ് ഇന്ത്യ ഇന്നും അഭിമാനിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങള്‍, ചേരിചേരാ നയം എന്നിവയൊക്കെ നെഹ്‌റു സൃഷ്ടിച്ച മൂല്യങ്ങളാണ്. ഇന്ത്യയുടെ അടിസ്ഥാന കാഴ്ചപ്പാടായ ഈ മൂല്യങ്ങള്‍ ഇന്നു ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യയെ നിര്‍മിച്ച നെഹ്‌റുവിനോട് അവര്‍ വെറുപ്പും അവമതിപ്പും കാണിക്കുന്നു. ഏറ്റവും മോശമായതിലേക്ക് അവര്‍ നീങ്ങുന്നുവെന്നും സോണിയ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നെഹ്‌റു-ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന്റെ പുനപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ജനാധിപത്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരോട് നിശ്ചയദാര്‍ഡ്യത്തോടെ പോരാടി സുരക്ഷാവലയം തീര്‍ത്ത നെഹ്‌റുവിന് അര്‍ഹമായ ബഹുമാനം നാം നല്‍കേണ്ടതുണ്ടെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.