ഇറാനിയന്‍ എണ്ണ ഇറക്കുമതി; നിലപാടില്‍ മാറ്റം വരുത്തി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കമുള്ള 8 രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. എണ്ണവിലയില്‍ ഉണ്ടായേക്കാവുന്ന വലിയ പ്രത്യാഘാതങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

ചൈനയാണ് ഇറാനില്‍ നിന്നുള്ള ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കള്‍. ഇറാനില്‍ നിന്നുള്ള ഇറക്കുമതി അമേരിക്കന്‍ ഉപരോധത്തിന് കാരണമാകും എന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു ചൈന. മാര്‍ക്കറ്റില്‍ ആവശ്യത്തിന് ഇന്ധനം ഉണ്ടായിരിക്കുക, വിലയില്‍ വലിയ വര്‍ദ്ധനവ് നിയന്ത്രിക്കുക തുടങ്ങിയവയ്ക്കാണ് നിലവില്‍ അമേരിക്ക പ്രധാന്യം നല്‍കുന്നത്.

അമേരിക്ക ഇറാനുമായുള്ള അന്താരാഷ്ട്ര ആണവക്കരാറില്‍ നിന്നും പിന്മാറിയതിന് പിന്നാലെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക സഖ്യരാജ്യങ്ങളോട് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് ക്രമേണ കുറച്ച് നവംബര്‍ നാലോട് കൂടി പൂര്‍ണമായും നിര്‍ത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇറാനുമായി സാമ്പത്തിക-വാണിജ്യ ഇടപാടുകള്‍ തുടരുമെന്നും ഇറാനില്‍ നിന്നും തുടര്‍ന്നും എണ്ണ വാങ്ങുമെന്നും ഇന്ത്യ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.