ബ്ലാസ്റ്റേഴ്‌സ്; പുണെ സിറ്റിയുമായി 1-1 ന്റെ സമനില

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും പുണെ സിറ്റിയും തമ്മിലുള്ള മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. പതിമൂന്നാം മിനിട്ടില്‍ പുണെ സിറ്റി ഗോള്‍ നേടി. അറുപത്തിയൊന്നാം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ മടക്ക ഗോൾ.

നികോള കിർമാരെവിച്ചാണ് ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ നേടിയത്. പുണെയ്ക്കായി മാർകോ സ്റ്റാൻകോവിച്ചും ലക്ഷ്യം കണ്ടു. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ നാലാം സമനിലയാണിത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ലക്ഷ്യം കാണുന്നതില്‍ വന്ന പിഴവുകളാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്.

അ‍ഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. പുണെയാകട്ടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ്.