സന്നിധാനത്ത‌് ആവശ്യമായ സമയമെടുക്കാം: മുഖ്യമന്ത്രി

കൊച്ചി
ശബരിമല സന്നിധാനത്തെത്തുന്ന ഭക്തക്കർക്ക‌് ആവശ്യമായ സമയമെടുത്ത‌് ദർശനം നടത്താമെന്നും എന്നാൽ നിശ‌്ചിത സമയത്തിനുള്ളിൽ തിരിച്ചെത്തിക്കുന്ന തരത്തിൽ ക്രമീകരണമുണ്ടാക്കാനാണ‌് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ‌് ജില്ലാകമ്മിറ്റി കൊച്ചിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ തിക്കും തിരക്കുമുള്ള ക്ഷേത്രങ്ങളിൽ പലയിടത്തും അത‌് പരിഹരിച്ചാണ‌് ദർശനത്തിന‌് സൗകര്യമൊരുക്കുന്നത‌്. ലക്ഷക്കണക്കിനാളുകളെത്തുമ്പോൾ ഓൺലൈൻ ബുക്കിങ‌് സംവിധാനം പ്രയോജനപ്പെടുത്താറുണ്ട‌്. ശബരിമലയിലും അക്കാര്യം ആലോചിക്കാവുന്നതാണ‌്. കൂടുതൽ ആളുകൾക്ക‌് തങ്ങാനുള്ള സ്ഥലം സന്നിധാനത്തില്ല. അതുള്ളത‌് നിലയ‌്ക്കലിലാണ‌്. അവിടെയാണ‌് വിപുലമായ ബേസ‌് ക്യാമ്പ‌് സജ്ജമാക്കുന്നത‌്.

ശബരിമല വികസനം സംബന്ധിച്ച റിപ്പോർട്ട‌് തയ്യാറാക്കാൻ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ‌് ടി കെ എ നായരെ അധ്യക്ഷനാക്കി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട‌് ഏതാനും ദിവസത്തിനകം ലഭിക്കും. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാസ‌്റ്റർ പ്ലാൻ തയ്യാറാക്കി വിശ്വാസികൾക്ക‌് സൗകര്യമൊരുക്കാനാണ‌് സർക്കാർ ശ്രമിക്കുന്നത‌്.

ശബരിമലയെ ക്രിമിനലുകളുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ല. അവിടെ കലാപഭൂമിയാക്കാനാണ‌് ചിലർ ശ്രമിക്കുന്നത‌്. ആ വ്യാമോഹം ഒരു കാരണവശാലും നടക്കില്ല. കലാപത്തിന‌് കൂട്ടം കൂടുകയാണെന്നറിയാതെ യഥാർഥ വിശ്വാസികളാരെങ്കിലും അക്രമികളുടെ കൂടെ പെട്ടുപോയിട്ടുണ്ടെങ്കിൽ അവർ യാഥാർഥ്യം തിരിച്ചറിയണം.

ഭക്തർക്ക‌് ദർശനത്തിന‌് തടസ്സമുണ്ടാകരുതെന്ന‌് സർക്കാരിന‌് നിർബന്ധമുണ്ട‌്. ഈ സർക്കാരിനെ വലിച്ചുതാഴെയിടുമെന്നാണ‌് അമിത‌്ഷാ പറയുന്നത‌്. ആഗ്രഹങ്ങൾ പലതും കാണും. അതിനുപറ്റിയ മണ്ണല്ലിത‌്. ഇത‌് അയ്യങ്കാളിയും ഗുരുവും അവരുടെ പിൻമുറക്കാരും മുന്നോട്ടുകൊണ്ടുപോയ നാടാണ‌്. എസ‌്എൻഡിപിയെയും കൂട്ടി സമരത്തിനിറങ്ങുമെന്നാണ‌് ബിജെപി പറഞ്ഞത‌്. എന്നാൽ പിറ്റേന്ന‌് തന്നെ എസ‌്എൻഡിപി നയം വ്യക്തമാക്കി. കേരളത്തിലെ പിന്നോക്ക സമുദായത്തിലും മുന്നോക്കസമുദായത്തിലെ ബഹുഭൂരിപക്ഷവും മതനിരപേക്ഷ മനസ്സുള്ളവരാണെന്ന‌് അമിത‌്ഷാ മനസ്സിലാക്കണം.

ആരെങ്കിലും ഉരുട്ടിപ്പെരട്ടി അധികാരത്തിലിരുത്തിയതല്ല എൽഡിഎഫ‌് സർക്കാരിനെ. ജനലക്ഷങ്ങളാണ‌് സർക്കാരിനെ അധികാരത്തിലേറ്റിയത‌്. ഒരു സീറ്റ‌് നിയമസഭയിൽ കിട്ടിയത‌് തങ്ങളുടെ മിടുക്കുകൊണ്ടല്ലെന്ന‌് ഓർക്കുന്നത‌് നല്ലതാണ‌്. കോൺഗ്രസിന്റെ പിടിപ്പുകേടുകൊണ്ട‌് കിട്ടിയ സീറ്റാണത‌്.
കാരണം അവരുടെ മനസ്സ‌് ബിജെപിക്ക‌് ഒപ്പമാണ‌്. ഇപ്പോൾ രമേശ‌് ചെന്നിത്തലയടക്കമുള്ള കോൺഗ്രസ‌് നേതാക്കൾ ബിജെപിയെ ഇടത്താവളമായാണ‌് കാണുന്നത‌്. പക്ഷേ അമിത‌്ഷായുടെ വാക്കുകൾ കേട്ടപ്പോൾ തിരുത്തേണ്ടിവന്നു. ഇങ്ങനെയാണെങ്കിൽ അമിത‌്ഷാ ഇടയ‌്ക്ക‌് കേരളത്തിൽ വരുന്നത‌് നല്ലതാണ‌്. നവോത്ഥാന ധാരയിൽനിന്നു പിറകോട്ടു പോയവരിപ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങളുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വാദമുയർത്താൻ നടക്കുന്നുണ്ട‌്. അവർക്കതിനർഹതയില്ല.

അഹിന്ദുക്കൾക്ക് പ്രവേശനം പാടില്ല എന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. എന്നാൽ, അവിടെ വാവരുള്ളതിനെ കുറിച്ച് വല്ലതും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിക്കുകയായിരുന്നു. ശക്തമായ നിരീക്ഷണമായിരുന്നു അത‌്.
ശബരിമലയ‌്ക്ക് വേണ്ടി ചെലവഴിക്കുന്ന സംഖ്യ എൽഡിഎഫ് സർക്കാർ വലിയ തോതിൽ വർധിപ്പിച്ചു. ശബരിമലയിലെത്തുന്ന പണം ദേവസ്വം ആവശ്യത്തിനായാണ് ചെലവഴിക്കുന്നത്. കേരളത്തിലെ പല ക്ഷേത്രങ്ങൾക്കും നിത്യചെലവിനുള്ള പണം ഇല്ല എന്നത് വസ്തുതയാണ്.
അത്തരം ക്ഷേത്രങ്ങൾക്ക് ദേവസ്വം ബോർഡ് സഹായം നൽകുന്നു. സർക്കാരിന്റെ ഒരാവശ്യത്തിനും ദേവസ്വം ബോർഡിൽനിന്ന‌് ഒരു ചില്ല്ലിക്കാശും എടുക്കുന്നില്ല. ഓരോ വർഷവും കോടികൾ ശബരിമലയ‌്ക്കായി സർക്കാർ ചെലവിടുന്നുമുണ്ട്.

ശബരിമലയെ പൂട്ടിക്കാനുള്ള ഗൂഢാലോചനയെപ്പറ്റി ഒരാൾ പറയുന്നത് കേട്ടു. രക്തമൊഴുക്കുമെന്നാണ് പറയുന്നത്. രക്തമോ മൂത്രമോ വീണാൽ നടയടച്ചിടേണ്ടിവരും. ഇവർ രക്തമൊഴുക്കാൻ തയ്യാറാകില്ല, അതിനാൽ മൂത്രമൊഴിക്കാനായിരിക്കും ആലോചിച്ചിട്ടുണ്ടാവുക.

1991ന് മുമ്പ‌് സ്ത്രീകൾ മലചവിട്ടി എന്നതിന് പ്രധാന സാക്ഷി കുമ്മനം രാജശേഖരനാണ്. ഹൈക്കോടതിയിലെ കേസിൽ തന്ത്രിക്കെഴുതിയ കത്തിൽ കുമ്മനം പറഞ്ഞത്, ശബരിമലയിൽ യുവതികൾ വന്നുവെന്നും ചോറൂണും വിവാഹവും സിനിമാ ഷൂട്ടിങ്ങും നടന്നു എന്നുമാണ്.
വിശ്വാസികളെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് ചിലർ വാർത്ത കൊടുക്കുന്നത്. ഏത് വിശ്വാസിയെയാണ‌് അറസ്റ്റ് ചെയ‌്തത‌്? അക്രമം നടത്തിയവരെയും പൊലീസിനെ ആക്രമിച്ചവരെയും അയ്യപ്പ ഭക്തരെ കൈയേറ്റം ചെയ്തവരെയുമാണ് അറസ്റ്റ് ചെയ്തത്.

ഇനിയും ഇത്തരത്തിൽ അക്രമം ചെയ്‌തോളു എന്നാണോ സർക്കാർ പറയേണ്ടത്. നിയമവാഴ‌്ച ഉറപ്പാക്കുന്ന നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകും. കേസെടുത്തതും അത്തരക്കാർക്കെതിരെയാണ‌്. ക്രിമിനലുകൾക്കെതിരെയാണ് ആ കേസ്, അതിൽ ഹിന്ദുവെന്നൊ ക്രിസ‌്ത്യാനിയെന്നൊ മുസ്ലീമെന്നൊ ഇല്ല.

മൂർച്ചയുള്ള സാധനം പുറത്തുചേർത്തുവച്ചാണ‌് അക്രമികൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയത‌്. ഇതിനൊക്കെ തെളിവുണ്ട‌്. ഇത്തരം കാലപത്തിന‌് നേതൃത്വം കൊടുക്കാനാണ‌് അമിത‌്ഷായുടെ വരവ‌്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകേട്ട‌് അക്രമത്തിനിറങ്ങുന്ന സംഘപരിവാർ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന‌് നല്ലതുപോലെ മനസ്സിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.