മകര വിളക്ക് സീസണില്‍ ശബരിമലയില്‍ സുരക്ഷാ ചുമതല അയ്യായിരം പൊലീസുകാര്‍ക്ക്

തിരുവനന്തപുരം: മണ്ഡലമകര വിളക്ക് സീസണില്‍ ശബരിമലയില്‍ സുരക്ഷക്കായി അയ്യായിരം പൊലീസുകാരെ ചുമതലപെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ കേന്ദ്രം ലഭ്യമാക്കുന്ന റാപിഡ് ആക്ഷന്‍ ഫോഴ്‌സിനേയും എന്‍.ഡി.ആര്‍.എഫിനേയും നിയോഗിക്കും.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും കൂടുതല്‍ പോലീസിനെ നല്കണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കും. ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പോലീസുദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി.

ശബരിമലയിലെ തിരക്കു കുറയ്ക്കുന്നതിനായി ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ അധിക സൗകര്യം ഏര്‍പ്പെടുത്തും. ശബരിമലയിലും പരിസരത്തും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കും.ഭക്തരുടെ തിരക്കു നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു.

© 2024 Live Kerala News. All Rights Reserved.