സംയുക്ത സൈനികാഭ്യാസപ്രകടനങ്ങള്‍ക്കായി റഷ്യന്‍ സൈന്യം പാകിസ്താനിലെത്തി

ഇസ്ലാമാബാദ്: സംയുക്ത സൈനികാഭ്യാസപ്രകടനങ്ങള്‍ക്കായി റഷ്യന്‍ സൈന്യം ഇസ്ലാമാബാദില്‍ എത്തിയതായി പാകിസ്താന്‍ സൈനിക മേധാവി അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.മൂന്നാംതവണയാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്ത സൈനികപ്രകടനം നടത്തുന്നത്. പാകിസ്താനിലെ വടക്കുപടിഞ്ഞാറ് പര്‍വതനിരകളില്‍ വച്ചു നടക്കുന്ന പരിശീലനം നവംബര്‍ നാലുവരെ നീണ്ടുനില്‍ക്കും.

പാകിസ്താനിലെ ഖൈബര്‍, പക്തുന്‍ക്വ ജില്ലകളില്‍ വച്ചാണ് സൈനികപ്രകടനങ്ങള്‍ നടക്കുകയെന്നും 70 ഓളം സൈനികര്‍ പങ്കെടുക്കുമെന്നും റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.ആഗസ്തില്‍ പാകിസ്താനും റഷ്യയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് സംയുക്ത സൈനികപ്രകടനത്തിന് റഷ്യന്‍ സൈന്യം പാകിസ്താനിലെത്തിയത്. കരാര്‍ പ്രകാരം പാകിസ്താന്‍ സൈന്യം റഷ്യയിലും പരിശീലനം നടത്തും.