കൊഹ്ലിയുടെയും രോഹിത്തിന്റേയും സെഞ്ചുറിക്കരുത്ത്: വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം

ഗുവാഹത്തി: ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെയും രോഹിത് ശര്‍മ്മയുെടയും സെഞ്ചുറിക്കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയതിളക്കം. അന്‍പത് ഓവറില്‍ വെസ്റ്ര് ഇന്‍ഡീസ് ഉയര്‍ത്തിയ 322 എന്ന സ്‌കോര്‍ ഇന്ത്യ അനായാസം തകര്‍ക്കുകയായിരുന്നു. കരിയറിലെ 36ാം സെഞ്ചുറി കൊഹ്ലി തികച്ചപ്പോള്‍ രോഹിത് ശര്‍മ്മ തന്റെ 20ാം സെഞ്ചുറി നേടി. കൊഹ്ലിയുടെയും രോഹിത്തിന്റെയും 246 എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു. ഷിംറോണ്‍ ഹെറ്റ്മയര്‍ സെഞ്ചുറി നേടി. 78 പന്തില്‍ നിന്ന് 106 റണ്‍സെടുത്താണ് ഹെറ്റ്മയര്‍ പുറത്തായത്. കീറണ്‍ പവല്‍ 51 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ അടിച്ചുകളിച്ച ദേവേന്ദ്ര ബിഷുവും കെമര്‍ റോച്ചുമാണ് സ്‌കോര്‍ 300 കടത്തിയത്. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.