കൊച്ചി: താര സംഘടന അമ്മയുടെ പ്രത്യേക ജനറല്‍ ബോഡി യോഗം നവംബര്‍ 24ന‌് ചേരും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട‌് ഡബ്ല്യൂസിസി അംഗങ്ങള്‍ നല്‍കിയ കത്തും ദിലീപിന്റെ രാജിയും അന്ന‌് ചര്‍ച്ച ചെയ്യുമെന്നാണ‌് സൂചന. ദിലീപിന്റെ രാജിക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന‌് എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ദിലീപിനെ പുറത്താക്കണമെന്ന കത്ത‌് ജനറല്‍ ബോഡിയിലാകും ചര്‍ച്ചയാകുക. എല്ലാവരെയും ഒരുമിപ്പിച്ച‌് പോകാനാണ‌് സംഘടനയുടെ ലക്ഷ്യമെന്നും ഇടവേള ബാബു വ്യക്തമാക്കി. വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ജനറല്‍ ബോഡിയാണ‌് ഡബ്ല്യുസിസിയുടെ കടുത്ത വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തിരമായി ചേരുന്നത‌്.
ഒരു ജനറല്‍ബോഡിയെടുത്ത തീരുമാനം തിരുത്താന്‍ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിക്ക‌് അധികാരമില്ലെന്ന‌് ഇടവേള ബാബു പറഞ്ഞു. അത‌് തിരുത്തണമെങ്കില്‍ അടുത്ത ജനറല്‍ബോഡിയിലാണ‌് സാധിക്കുക. എല്ലാവര്‍ക്കും പറയാനുള്ളത‌് പറയട്ടെ, സംഘടന ഇപ്പോള്‍ പരസ്യമായി പ്രതികരിക്കുന്നില്ലെന്ന‌് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10ന‌് താരസംഘടനയില്‍ നിന്നും ദിലീപ‌് രാജിവച്ചതായാണ‌് സൂചന. എഎംഎംഎ പ്രസിഡന്റ‌് മോഹന്‍ലാലിനോടാണ‌് രാജിക്കാര്യം അറിയിച്ചതെന്നാണ‌് വിവരം. എന്നാല്‍ ഇത‌് സ്ഥിരീകരിക്കാന്‍ ഇടവേള ബാബു തയ്യാറായിട്ടില്ല.