ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വീണ്ടും കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ സമീപിച്ചു. കഴിഞ്ഞ മാസത്തെ നിവേദനം ഫലം കാണാത്തതിനെ തുടര്‍ന്നാണ് നടപടി.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും വെളിപ്പെടുത്തലുകളും സമര്‍പ്പിച്ചതായും കോണ്‍ഗ്രസ് അറിയിച്ചു.
അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫെന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ വെളിപ്പെടുത്തല്‍, കരാര്‍ സംബന്ധിച്ച് വ്യോമസേനാ ജോയിന്റ് സെക്രട്ടറി രേഖപ്പെടുത്തിയ വിയോജന കുറിപ്പ് എന്നിവ കോണ്‍ഗ്രസ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനു മുന്നില്‍ സമര്‍പ്പിച്ചു.
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സിനെ ഒഴിവാക്കി റിലയന്‍സിനു കരാര്‍ നല്കിയതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. റഫാല്‍ വിമാനക്കരാറില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ചീഫ് വിജിലന്‍സ് കമ്മീഷണറെയും കണ്ടിരുന്നു.