മഴ മാറി ദിവസങ്ങളായിട്ടും കുട്ടനാട്ടിലെ വെള്ളക്കെട്ടിറങ്ങിയിട്ടില്ല. പ്രളയം മൂലം ഏറെ നാശനഷ്ടമുണ്ടായി പ്രദേശമാണ് കുട്ടനാട് . വീടുകളും മറ്റും ശുചീകരിച്ചെങ്കിലും പലയിടത്തും ഇപ്പോഴും വെള്ളമിറങ്ങിയിട്ടിലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിൽ. അതേസമയം, കുട്ടനാട്ടിലെ വെള്ളക്കെട്ട് 10 ദിവസത്തിനകം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. ഇതുവരെ ഉണ്ടായ വീഴ്ചകളെല്ലാം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
പണം കിട്ടിയാലേ കാര്യങ്ങള്‍ ചെയ്യൂ എന്ന് പാടശേഖര സമിതികള്‍ നിലപാടെടുത്തിരുന്നു. ഇതിനാലാണ് വെള്ളം വറ്റിക്കാന്‍ കാലതാമസം ഉണ്ടായത്. വീഴ്ചകള്‍ പരിഹരിച്ച് എത്രയും വേഗം വെള്ളം വറ്റിക്കല്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.
പാടശേഖരത്തിനടുത്തുള്ള പ്രദേശങ്ങളിലാണ് വെള്ളമിറങ്ങാത്തത്. ഇവിടെ വെള്ളം അടിച്ച് വറ്റിക്കണം. മോട്ടോറുകളും പലതും വെള്ളത്തിനടിയിലായതായിരുന്നു പ്രധാന പ്രതിസന്ധി. എന്നാല്‍ പുറത്ത് നിന്നും വേറെ പമ്പുകള്‍ കൊണ്ട് വന്ന് വെള്ളം നീക്കം ചെയ്യാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.