ജക്കാര്‍ത്ത ഗെയിംസ് കൊടിയിറങ്ങി: മെഡൽവേട്ടയിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ

ജക്കാര്‍ത്ത: ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍നേട്ടം ഇന്ത്യ കരസ്ഥമാക്കിയ പതിനെട്ടാം ഏഷ്യൻ ഗെയിംസിന് ജക്കാർത്തയിൽ വർണശബളമായ സമാപനം. സമാപനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍, വെള്ളി നേടിയ ഇന്ത്യയുടെ ഹോക്കി വനിതാ ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ത്രിവര്‍ണ പതാകയേന്തി. ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിദിഡോ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു

കൊറിയന്‍ പോപ്പ് ബാന്‍ഡ് ഐക്കോണിന്റെ പ്രകടനമായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ഒപ്പം ഹ്വാങ്ചൗ നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി.

132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവും ഉള്‍പ്പെടെ 289 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനം നിലനിര്‍ത്തി. 75 സ്വര്‍ണവും 56 വെള്ളിയും 74 വെങ്കലവും ഉള്‍പ്പെടെ 205 മെഡലുകളുമായി ജപ്പാന്‍ രണ്ടാമതും 49 സ്വര്‍ണവും 58 വെള്ളിയും 70 വെങ്കലവും ഉള്‍പ്പെടെ 177 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമെത്തി. ഇന്തൊനീഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍, ചൈനീസ് തായ്‌പേയ് എന്നീ രാജ്യങ്ങളാണ് യഥാക്രമം നാലുമുതല്‍ ഏഴുവരെ സ്ഥാനങ്ങളിലുള്ളത്.

ജക്കാർത്തയിൽ ആകെ 69 മെഡലുകൾ നേടിയാണ് ഇന്ത്യ മെഡൽവേട്ടയിൽ റെക്കോർഡിട്ടത്. 2010ല്‍ ഗ്വാങ്ചൗവില്‍ 65 മെഡലുകള്‍ നേടിയതാണ് ഇവിടെ മറികടന്നത്. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും ഉള്‍പ്പെടെയാണ് ഇന്ത്യ 69 മെഡല്‍ നേടിയത്.

വർണശബളമായ പരിപാടികൾക്കൊടുവിൽ ഏഷ്യൻ ഒളിംപിക് കൗൺസിൽ പ്രസിഡന്റ് അഹമ്മദ് അൽ–ഫഹത് അൽ–അഹമ്മദ് അൽ–സബാഹ് ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ചു. 2022ൽ ഏഷ്യൻ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന ചൈനയിലെ ഹാങ്ചൗ നഗരത്തിന്റെ പ്രതിനിധി ഇന്തൊനീഷ്യയിൽനിന്ന് ഏഷ്യൻ ഗെയിംസ് പതാക ഏറ്റുവാങ്ങുകയും ചെയ്തു.

1990ല്‍ ബെയ്‌ജിങ്ങും 2010ല്‍ ഗ്വാങ്ചൗവും ഏഷ്യന്‍ ഗെയിംസിന് വേദിയായിട്ടുണ്ട്, ഇതോടെ ചൈന മൂന്നാം തവണയാണ് ഏഷ്യന്‍ ഗെയിംസിന് ആതിഥേയരാകാനൊരുങ്ങത്.