എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ ട്വീറ്റ്: മാലി ദ്വീപ് ഇന്ത്യയോട് അതൃപ്തി അറിയിച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ വിവാദ ട്വീറ്റില്‍ മാലി ദ്വീപ് ഇന്ത്യയോട് അതൃപ്തി അറിയിച്ചു. ബിജെപിയുടെ രാജ്യസഭാ എംപിയാണ് സുബ്രഹ്മണ്യന്‍ സ്വാമി .മാലി ദ്വീപിലെ തിരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായാല്‍ ഇന്ത്യ മാലിദ്വീപിൽ സൈനിക ഇടപെടൽ നടത്തണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനെ തുടര്‍ന്നാണ് മാലി ദ്വീപിന്റെ പ്രതികരണമുണ്ടായത്.

മാലിദ്വീപിന്റെ വിദേശകാര്യ സെക്രട്ടറി അഹമ്മദ് സരീര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്രയോട് സംഭവത്തിലുള്ള അതൃപ്തി അറിയിച്ചു. എംപിയുടെ പ്രസ്താവനയിലുള്ള ഞെട്ടല്‍ രേഖപ്പെടുത്തുന്നതായി മാലി ദ്വീപ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാലിദ്വീപിന്റെ വിദേശകാര്യ മന്ത്രാലയത്തിലാണ് ഇരു രാജ്യത്തിന്റെ പ്രതിനിധികളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. മാലിദ്വീപില്‍ സെപ്റ്റംബര്‍ 23ന് നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളോട് വിശദീകരിച്ചതിനു ശേഷമായിരുന്നു കൂടിക്കാഴ്ച.

മാലിദ്വീപ് തിരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ നടക്കുകയാണെങ്കില്‍ ഇന്ത്യ സൈനിക ഇടപെടൽ നടത്തണം എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. സുബ്രഹ്മണ്യന്‍ സ്വാമിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദും തമ്മില്‍ മുന്‍പ് നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്തയുടെ ലിങ്കും ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.