ഹിന്ദു- പാക്കിസ്ഥാന്‍ വാദം ; തരൂരിന് ചികിത്സാ സഹായം നല്‍കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ചികിത്സാ സഹായം നല്‍കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പരിഗണിക്കണമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശശി തരൂരിന് ചികിത്സാ സഹായം വേണമോ എന്ന കാര്യം പ്രധാനമന്ത്രി പരിശോധിക്കണമെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തെ മാനസിക ആശുപത്രിയില്‍ എത്തിക്കണമെന്നുമാണ് സ്വാമി പറഞ്ഞത്.

ഇന്ത്യയെ ‘ഹിന്ദു-പാക്കിസ്ഥാന്‍’ ആക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന തരൂരിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു സ്വാമി. ‘തരൂരിന്റെ അഭിപ്രായങ്ങള്‍ തികച്ചും നിരാശാ ജനകമാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതെന്ന് മനസിലാവുന്നില്ല. മോദിയെ അധികാരത്തില്‍ നിന്നും ഇറക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഒരു പാക്കിസ്ഥാനി കൂട്ടുകാരിയും ഉണ്ട്’ സ്വാമി കൂട്ടിച്ചേര്‍ത്തു.

ബി ജെ പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്നും, ഇന്ത്യയെ ‘ഹിന്ദു-പാക്കിസ്ഥാന്‍’ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് മുസ്ലീമിനേക്കാളും സുരക്ഷിതത്വം പശുവിനാണെന്നും. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.