കേരളത്തിന് ദുരിതാശ്വാസമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ

ന്യൂഡല്‍ഹി: കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന അറിയിച്ചു. ദുരിതാശ്വാസമായി കേരളത്തിന് ആവശ്യമായ സഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ നടന്നതേയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിന് യു.എ.ഇ 700 കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തുക സ്വീകരിക്കാൻ കഴിയില്ലെന്ന തരത്തിൽ വാർത്തകൾ വരികയും ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യു.എ.ഇ പ്രതിനിധിയുടെ വിശദീകരണം.

യു.എ.ഇ ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തില്‍ ഉണ്ടായ പ്രളയ ദുരിതം സംബന്ധിച്ച് വിലയിരുത്തല്‍ നടക്കുന്നതേ ഉള്ളു. യു.എ.ഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ട്. ഇതല്ലാതെ ഔദ്യോഗികമായി ഒരു തുക തങ്ങള്‍ കേരളത്തിനായി പ്രഖ്യാപിച്ചിട്ടില്ലെന്നും അംബാസിഡര്‍ വ്യക്തമാക്കി.

എന്നാല്‍ മുഖ്യമന്ത്രിയും യു.എ.ഇ ഭരണാധികാരിയുമായി സംസാരിച്ച ഘട്ടത്തില്‍ എത്രയെങ്കിലും തുക വാഗ്ദാനം ചെയ്‌തോ എന്ന കാര്യം അംബാസിഡര്‍ വ്യക്തമായി പറയുന്നില്ല. യു.എ.ഇ യുടെ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ വിശദീകരണം പുറത്തുവന്നത്.

© 2023 Live Kerala News. All Rights Reserved.