ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി

കൊച്ചി : സംസ്ഥാനത്ത് വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജലജന്യരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവരുടെയും വെള്ളം കയറിയ വീടുകളില്‍ കഴിയുന്നവരുടെയും ആരോഗ്യനില പരിശോധിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രളയബാധിത മേഖലകളില്‍ ശുദ്ധജലം ഉറപ്പാക്കുമെന്നും കിണറുകളിലുള്ള വെള്ളം ക്ലോറിനേഷനു ശേഷം മാത്രമേ ഉപയോഗിക്കാവുള്ളുവെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത മേഖലകളെ മൂന്നായി തിരിച്ച് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലകളിലെ ചുമതല നോഡല്‍ ഓഫീസര്‍മാര്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യനിരീക്ഷണത്തിന് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മരുന്നിന് ഇപ്പോള്‍ ക്ഷാമമില്ല. ആവശ്യമുള്ളവര്‍ മെഡിക്കല്‍ സെല്ലുമായി ബന്ധപ്പെടാം. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാലിന്യസംസ്‌കരണത്തിനും ശുചീകരണത്തിനും മുന്‍തൂക്കം നല്‍കുമെന്നും പ്രളയക്കെടുതി നേരിടാന്‍ കേരള ജനത ഒരേ മനസോടെ മുന്നേറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.