മാവോവാദിസംഘം ബന്ദിയാക്കിയ രണ്ടാമത്തെ മറുനാടന്‍ തൊഴിലാളിയും രക്ഷപ്പെട്ടു

കല്പറ്റ: വയനാട്ടില്‍ എസ്റ്റേറ്റില്‍ മാവോവാദിസംഘം ബന്ദിയാക്കിയ രണ്ടാമത്തെ മറുനാടന്‍ തൊഴിലാളിയും രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ അലാവുദ്ദീനാണ് അര്‍ധരാത്രിക്ക് ശേഷം രക്ഷപ്പെട്ട് എത്തിയത്. ഒരാള്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെ രക്ഷപ്പെട്ടിരുന്നു.

കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലാണ് വെള്ളിയാഴ്ച രാത്രി നിര്‍മാണത്തൊഴിലാളികളെ തോക്കുചൂണ്ടി മാവോവാദി സംഘം ബന്ദികളാക്കിയത്. മൂന്നുതൊഴിലാളികളില്‍ രണ്ടു പേരെയാണ് ബന്ദികളാക്കിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളാണ് എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചത്. രാത്രി പത്തുമണിയോടെ ഒരാളെക്കൂടി വിട്ടയച്ചു. മാര്‍ബിള്‍ പണിക്കാണ് ഇവര്‍ എസ്റ്റേറ്റിലെത്തിയത്.

മൂന്നു പുരുഷന്‍മാരും സ്ത്രീയും അടങ്ങുന്ന സംഘമാണ് ഇവരെ തടഞ്ഞുവെച്ചതെന്ന് രക്ഷപ്പെട്ട മക്ബൂല്‍, കാത്തിം എന്നീ തൊഴിലാളികള്‍ പറഞ്ഞു. അലാവുദ്ദീന്‍ ഫോണില്‍ എസ്റ്റേറ്റ് അധികൃതരെ വിളിച്ച് മാവോവാദികള്‍ പണം ആവശ്യപ്പെടുന്നതായി അറിയിച്ചു. പിന്നീട് മാനേജ്‌മെന്റ് പ്രതിനിധികളോട് സംഭവസ്ഥലത്തെത്താനും ആവശ്യപ്പെട്ടു. നാലുപേരാണ് ആദ്യം തടഞ്ഞുവെച്ചതെന്നും പിന്നീട് മാവോവാദികള്‍ കൂടുതലായെത്തിയതായും അലാവുദ്ദീന്‍ പറഞ്ഞു.