ഒഡിഷയില്‍ മാവോയിസ്റ്റ് ക്യംപിന് നേരെ സുരക്ഷാ സേനയുടെ ആക്രമണം; 21 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു;രണ്ടു പൊലീസുകാര്‍ക്ക് പരുക്ക്;ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് മൂന്ന് ഏകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു; മരണസംഖ്യ ഉയരാന്‍ സാധ്യത

വിശാഖപട്ടണം: ആന്ധ്രാപ്രദേശ്-ഒഡീഷ അതിര്‍ത്തിയില്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍  21 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഏറ്റുമുട്ടലില്‍ രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. ആന്ധ്രാഒഡീഷ അതിര്‍ത്തിയില്‍ ബുസിപുട്ട്-ബെജാങ്കി പ്രവിശ്യകളോട് ചേര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. അതേസമയം, ഏറ്റുമുട്ടലില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒഡിഷയിലെ മാല്‍ക്കന്‍ഗിരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള മാവോയിസ്റ്റ് ക്യാംപിന് നേരെ ഒഡിഷ പൊലീസും ആന്ധ്രാപ്രദേശ പൊലീസിലെ ഗ്രേഹൗണ്ട് സേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. കൊടുംവനത്തിലുള്ള ക്യാംപില്‍ 50 മുതല്‍ 60 വരെ മാവോയിസ്റ്റുകള്‍ ഒത്തുചേര്‍ന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. മാവോയിസ്റ്റ് നേതാവ് ആര്‍കെ എന്ന രാമകൃഷ്ണനും യോഗത്തിനെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ആന്ധ്ര-ഒഡിഷ അതിര്‍ത്തി ജില്ലയായ മാല്‍കന്‍ഗിരിയിലെ രാമഗഡ, പാനസപുത ഗ്രാമങ്ങളിലെ വനത്തിലാണ് മാവോയിസ്റ്റ് ക്യാംപ് പ്രവര്‍ത്തിച്ചിരുന്നത്. ശേഷിക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും വിശാഖപട്ടണം എസ്പി രാഹുല്‍ ദേവ് ശര്‍മ പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് മൂന്ന് ഏകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.