യെഡിയൂരപ്പ സർക്കാർ ഇന്നു വൈകുന്നേരം വിശ്വാസ വോട്ട് തേടും

ബെംഗളൂരു: .യെഡിയൂരപ്പ സർക്കാർ ഇന്നു നാലിനു വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ നിർണായക വിധി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് തള്ളി. ഇന്നുതന്നെ വോട്ടെടുപ്പ് വേണമെന്ന കോൺഗ്രസ്–ജനതാദൾ (എസ്) ആവശ്യം അംഗീകരിച്ചാണു കോടതിനടപടി. അതേസമയം, സഭാനടപടികൾക്കു നേതൃത്വംനൽകാൻ ബിജെപി അംഗം കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്തുള്ള ഗവർണറുടെ നടപടിക്കെതിരെ രാത്രിതന്നെ കോൺഗ്രസും ജെഡിഎസും സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകി. ഇത്

ഇന്നു രാവിലെ 10.30നു പരിഗണിക്കും. സഭയിൽ‍ വോട്ടെടുപ്പു നടക്കുന്നതുവരെ മുഖ്യമന്ത്രി യെഡിയൂരപ്പ നയപരമായ തീരുമാനങ്ങളെടുക്കില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുകുൾ റോഹത്ഗി കോടതിക്ക് ഉറപ്പുനൽകി. വോട്ടെടുപ്പുവരെ നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യില്ലെന്നു സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി. രഹസ്യ വോട്ടെടുപ്പു വേണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളി. രാവിലെ 11ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്നു സഭാ നടപടികളുടെ തുടക്കം.

വൈകിട്ടു നാലിനു മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയോ വിട്ടുനിൽക്കുകയോ ചെയ്യുന്നവർ അയോഗ്യരാകും. സുരക്ഷാ ഭീഷണി മൂലം ഇന്നലെ അർധരാത്രി ബെംഗളൂരുവിൽനിന്നു ഹൈദരാബാദിലേക്കുപോയ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ ഇന്നു പുലർച്ചെയോടെ മടങ്ങിയെത്തും.

© 2024 Live Kerala News. All Rights Reserved.