ഹിന്ദുമതത്തെ കുറിച്ച്‌ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവതിന് ഒന്നുമറിയില്ലെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

ആഗ്ര: ഹിന്ദുമതത്തെ കുറിച്ച്‌ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവതിന് ഒന്നുമറിയില്ലെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. രാജ്യത്തെ ഹിന്ദുക്കളില്‍ സങ്കുചിതമനോഭാവം വളര്‍ത്തുകയാണ് ആര്‍എസ്‌എസുകാര്‍. ഇത്തരത്തില്‍ ഹിന്ദുമതത്തെ മലിനമാക്കുന്ന നിലപാടിനോട് ഹിന്ദുസന്യാസികള്‍ക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെയായി ഹിന്ദുത്വത്തിന് ആര്‍എസ്‌എസ് -ബിജെപി ഉണ്ടാക്കുന്ന ക്ഷതം വളരെ വലുതാണ്. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുകയെന്നതാണ് ആര്‍എസ്‌എസ് -ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന കാര്യത്തില്‍ ന്യായമില്ല. ഇത് സമൂഹത്തിന്റെ ഘടനയെ തകര്‍ക്കാന്‍ മാത്രമാണ് സഹായിക്കുക. രാജ്യത്തെ എല്ലാ ആശ്രമങ്ങളും നിയമത്തിന്റെ കീഴില്‍ വരണം. ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി വ്യക്തമാക്കി.