കുടുംബത്തില്‍ നിന്ന് തന്നെ പെണ്‍കുട്ടികള്‍ക്ക് ബഹുമാനം നല്‍കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

മാണ്ഡല: രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മധ്യപ്രദേശിലെ മാണ്ഡലയില്‍ ദേശീയ പഞ്ചായത്തി രാജ് ദിനവുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കുടുംബത്തില്‍ നിന്ന് തന്നെ പെണ്‍കുട്ടികള്‍ക്ക് ബഹുമാനം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബ ബന്ധങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അതോടൊപ്പം ആണ്‍കുട്ടികള്‍ക്ക് ഉത്തരവാദിത്തവും പഠിപ്പിച്ച് നല്‍കണം.

ആണ്‍കുട്ടികള്‍ ഉത്തരവാദിത്ത ബോധമുള്ളവരായി മാറിയാല്‍ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഒരിക്കലും ബുദ്ധിമുട്ടേറിയ കാര്യമാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നവരെ കാത്ത് തുക്കുമരണുണ്ട്. ഇക്കാര്യത്തില്‍ സാമൂഹ്യമുന്നേറ്റം അനിവാര്യമാണ്. ഈ പ്രശ്‌നത്തില്‍ രാജ്യം ഒന്നിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.