ലിത്വാനിയന്‍ സ്വദേശി ലീഗയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനകളുടെ ഫലം വരുന്ന മുറയ്ക്ക് തുടർനടപടികൾ ഉണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ ലിത്വാനിയന്‍ സ്വദേശി ലീഗയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനകളുടെ ഫലം വരുന്ന മുറയ്ക്ക് തുടർനടപടികൾ ഉണ്ടാകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ അവസരത്തിൽ ലീഗയുടെ കുടുംബത്തിന്റെ അഗാധമായ ദുഃഖത്തിൽ പങ്ക് ചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. കൂടാതെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലീഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്ന വിവരം ഞാൻ നിർദ്ദേശം നൽകിയത് പ്രകാരം ടൂറിസം ഡയറക്ടർ പി.ബാലകിരൺ IAS ഇൽസിയെ നേരിൽ കണ്ട് അറിയിച്ചു.

ലീഗയുടെ മൃതദേഹം നാട്ടിൽ കൊണ്ട് പോകണമെന്ന് ഇൽസി സർക്കാരിനെ അറിയിച്ചിരുന്നു. അതിനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കും. കൂടാതെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കും.