‘വിഭാഗീയതക്ക് വഴിവെക്കുന്ന പ്രതിഷേധങ്ങള്‍ അരുത്’ : ഹര്‍ത്താലിനെ വിമര്‍ശിച്ച് പാണക്കാട് തങ്ങള്‍

കത്വ സംഭവത്തില്‍ രാജ്യത്തിന്റെ മനഃസാക്ഷി ഒറ്റക്കെട്ടായി ആസിഫക്കൊപ്പം ഉള്ളപ്പോള്‍ ആ ഐക്യദാര്‍ഢ്യത്തില്‍ വിള്ളല്‍ വരുത്തുംവിധവും സമാധാനാന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന തരത്തിലുമുള്ള പ്രതിഷേധങ്ങള്‍ അനഭിലഷണീയമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.വര്‍ഗീയ ഫാസിസ്റ്റ് പ്രതിലോമ ശക്തികളുടെയും സമൂഹ വിരുദ്ധരുടെയും ഹീനകൃത്യങ്ങള്‍ക്കെതിരെ രാജ്യം കൈകോര്‍ത്ത് നില്‍ക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതാണ് കത്വ, ഉന്നാവ സംഭവങ്ങളിലുണ്ടായ പ്രതികരണം.

മനുഷ്യന്റെ മാനവും ജീവനും നശിപ്പിക്കുന്ന അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ വാങ്ങിക്കൊടുക്കാനും ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കാതിരിക്കാനും മത, ജാതി, ദേശചിന്തകള്‍ക്കതീതമായി രാജ്യം കൈകോര്‍ക്കുകയാണ് വേണ്ടത്.ആസിഫ വിഷയത്തില്‍ നീതി ഉറപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് മുസ്ലിംലീഗും മുന്നിട്ടിറങ്ങുകയാണ്. നിരവധി പ്രസ്ഥാനങ്ങളും നീതിപീഠവുമെല്ലാം സംഭവത്തെ ഗൗരവതരമായി തന്നെ സമീപിച്ചിരിക്കുന്നു.

ഇങ്ങനെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വര്‍ഗീയ സ്വഭാവവും ഭിന്നതയും സ്പര്‍ധയും സൃഷ്ടിക്കുന്നതിനും ചില കേന്ദ്രങ്ങള്‍ ആസൂത്രിത ശ്രമം നടത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രകോപനപരമായ പ്രചാരണങ്ങള്‍ക്കും വഴിവിട്ട പ്രതിഷേധങ്ങള്‍ക്കും അരങ്ങൊരുക്കുന്നവര്‍ ആസിഫയെ നശിപ്പിച്ചവരുടെ താല്‍പര്യങ്ങളിലേക്കും അവര്‍ ഒരുക്കുന്ന കെണിയിലേക്കുമാണ് അറിഞ്ഞോ, അറിയാതെയോ എത്തിച്ചേരുന്നത്.

കത്വ, ഉന്നാവ സംഭവങ്ങളെല്ലാം അങ്ങേയറ്റം അപലപനീയവും ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. പക്ഷേ ഇതിലുള്ള രോഷവും സങ്കടവും പ്രതിഷേധവുമെല്ലാം വഴിവിട്ട രീതിയില്‍ പ്രകടിപ്പിക്കുന്നതിലൂടെ പൊതു സമൂഹത്തിന് ദ്രോഹകരവും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണവുമാകുന്നത് ദൗര്‍ഭാഗ്യകരമാണ്.

© 2024 Live Kerala News. All Rights Reserved.