ഭാരത് ബന്ദിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി

ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ പരക്കെ സംഘര്‍ഷം. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് ആളുകളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ആവശ്യമാണെങ്കില്‍ കേന്ദ്ര സേനയുടെ സേവനം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

പട്ടികജാതി-വര്‍ഗ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീംകോടതിവിധിക്കെതിരെയാണ് ദളിത് സംഘടനകള്‍ തിങ്കളാഴ്ച ‘ഭാരത ബന്ദ്’ ആഹ്വാനം ചെയ്തത്. മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, പഞ്ചാബ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ്, ഭാരത് ബന്ദ് കലാപഭൂമിയാക്കി മാറ്റിയത്.