യുകെയിലെ ഓക്സ്ഫോര്‍ഡില്‍ 1942 ജനുവരി എട്ടിനായിരുന്നു ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫന്‍ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 1962 ൽ, പെട്ടെന്ന് ഒരു ദിവസം സ്റ്റീഫൻ ഹോക്കിങ് കുഴഞ്ഞു വീണു. വിശദമായ വൈദ്യപരിശോധനയിൽ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തുകയായിരുന്നു. പരമാവധി രണ്ടു വർഷം ആയുസ്സെന്നു ഡോക്ടർമാർ വിധിയെഴുതി.
രോഗം മൂർച്ഛിച്ച്, ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഹോക്കിങ്ങിന്റെ ജീവിതം വീൽചെയറിലായി.മസിലുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രക്കുന്ന പേശികള്‍ക്ക് ഉണ്ടാകുന്ന നാശമാണ് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്. സംസാരം, നടത്തം, ശ്വാസോച്ഛാസം എന്നീ അവശ്യ പേശീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നതാണ് രോഗത്തിന്‍റെ കാരണം. ഈ പേശികളുടേയൊക്കെ ബലക്ഷയം ശരീരഭാഗങ്ങളുടെ ചലനം നഷ്ടപ്പെടുന്ന അവസ്ഥയില്‍ വരെ എത്തും.
ശരീരത്തിന്‍റെ ചലനം പൂര്‍ണമായി നശിച്ച് യന്ത്ര ക്കസേരിയില്‍ ജീവിതം ഒടുങ്ങിയതോടെ അദ്ദേഹം ആളുകളോട് സംവദിച്ചത് താടിയെല്ലില്‍ ഘടിപ്പിച്ച ഒരു ചെറു സെന്‍സര്‍ ഉപയോഗിച്ചായിരുന്നു. ഇതുപയോഗിച്ച് അദ്ദേഹം തന്‍റെ യന്ത്രക്കസേരയുമായി ഘടിപ്പിച്ച കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുമായിരുന്നു. ഹോക്കിങ്ങ്സിന് വേണ്ടി ഇത് തയ്യാറാക്കി കൊടുത്തത് സ്വഫ്റ്റികീ എന്ന സ്ഥാപനത്തിലേ എന്‍ജിനീയര്‍മാരായിരുന്നു.അദ്ദേഹത്തിന് സംവദിക്കാനായി ഒരു പ്രത്യേക ലാംഗ്വേജ് മോഡലും അവര്‍ ഒരുക്കി നല്‍കിയിരുന്നു. രോഗം ശരീരം തളർത്തുന്നതിനിടയിലും തളരാത്ത മനസ്സുമായി കേംബ്രിജിലെ ഗവേഷണകാലത്തു മഹാസ്ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസ് നക്ഷത്ര പരിണാമത്തിലെ അവസ്ഥയായ തമോഗർത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങളായിരുന്നു പ്രചോദനം. തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിങ്ങിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. 1966–ൽ ഡോക്ടറേറ്റ് നേടിയ സ്റ്റീഫൻ ഹോക്കിങ് ആ വർഷം തന്നെ റോജർ പെൻറോസുമായി ചേർന്ന് ‘singularities and the Geometry of Space-time’ എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചു.
1974 ൽ റോയൽ സൊസൈറ്റിയിൽ അംഗമായി. 1979 മുതൽ 30 വർഷം കേംബ്രിജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രഫസറായി. ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയാണത്. ‘തിയറി ഓഫ് എവരിതിങ്’ എന്ന പേരിൽ പ്രപഞ്ചത്തിന്റെ ഉൽപത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. 2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ തമോഗർത്തങ്ങളെക്കുറിച്ച് അന്നുവരെ താൻ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്ന പലധാരണകളെയും തിരുത്തുന്ന പുതിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു.
ദൃശ്യ പ്രപഞ്ചത്തിൽ നിന്നും ശാഖകളായി പിരിയുന്ന ശിശു പ്രപഞ്ചങ്ങൾ എന്ന ആശയവും ഹോക്കിങ് അവതരിപ്പിച്ചു. അടുത്ത കാലത്തു ബ്ലാക് ഹോളുകൾ ഇല്ലെന്നും പകരം ഗ്രേ ഹോളുകൾ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫൻ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. അന്യഗ്രഹ ജീവൻ തേടുന്ന വമ്പൻ ഗവേഷണപദ്ധതിയായ ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവുമായി ഹോക്കിങ് ഈയിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. ആൽബർട്ട് ഐൻസ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തിന്റെ ഉടമയെന്ന പേരിനർഹമായി മാറി അദ്ദേഹം (രണ്ടുപേരുടെയും ഐക്യു നിലവാരം 160 ആണെന്നാണ് ഇതേപ്പറ്റി പഠനം നടത്തിയവർ കണ്ടെത്തിയത്).
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം
ബ്രിട്ടീഷ് സൺഡേ ടൈംസിന്റെ ബെസ്റ്റ് സെല്ലറായി റെക്കോർഡ് ഭേദിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിന്റെ രചയിതാവ് ഹോക്കിംഗായിരുന്നു. നാൽപതോളം ഭാഷകളിലായി കോടിക്കണക്കിനു പതിപ്പുകൾ വിറ്റഴിഞ്ഞ പുസ്തകമാണിത്.പിന്നീട് തിയറി ഓഫ് എവരിതിംഗ് എന്ന പേരിൽ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു.The Universe in a Nutshell, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ ‘George’s Secret Key to The Universe, ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവയും വായിച്ചിരിക്കേണ്ടതാണ്. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറൽ റിലേറ്റിവിറ്റി’ എന്നിവയാണു മറ്റു പ്രധാന രചനകൾ.
നാഡീരോഗം ബാധിച്ച് വീല്‍ച്ചെയറില്‍ കഴിഞ്ഞിരുന്ന സ്റ്റീഫന്‍ ഹോക്കിംഗിനെക്കുറിച്ച് എറോള്‍ മോറിസാണ് ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ജീവചരിത്ര ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുള്ളത്. ബെസ്റ്റ് സെല്ലറായി മാറിയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പേരാണ് എറോള്‍ മോറിസും ഡോക്യുമെന്ററിയ്ക്കായി സ്വീകരിച്ചിട്ടുള്ളത്. സുഡാന്‍സ് ചലച്ചിത്ര മേളയില്‍ വച്ച് മികച്ച ഡോക്യുമെന്ററിക്കുള്ള ഗ്രാന്‍ഡ് ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഫിലിം മേക്കേഴ്സ് ട്രോഫിയും ചിത്രത്തിന് ലഭിച്ചിരുന്നു.
ശാസ്ത്രത്തിനുള്ള സംഭാവനകള്‍
തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിലും കണികാ പ്രപഞ്ച ഘടനയിലും വലിയ സംഭാവന നല്‍കിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്നു ഹോക്കിംഗ്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപമെടുക്കുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ നിര്‍ണായക വിവരങ്ങളാണ് ഹോക്കിംഗ് ലോകത്തിന് നല്‍കിയത്
പുരസ്കാരങ്ങളും ബഹുമതികളും
വിഖ്യാത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗിന് 13 ഹോണററി ബിരുദങ്ങളാണുള്ളത്. സിബിഎഇ (1982), കമ്പാനിയന്‍ ഓഫ് ഹോണര്‍ (1989), പ്രസിഡന്‍ഷ്യല്‍ മെല്‍ ഓഫ് ഫ്രീഡം( 2009) എന്നീ ബിരുദങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഫണ്ടമെന്റല്‍ ഫിസിക്സ് പ്രൈസ് (2013), കോപ്ലി മെഡല്‍ (2006), വോള്‍ഫ് ഫൗണ്ടേഷന്‍ പ്രൈസ് (1988) എന്നീ പുരസ്കാരങ്ങളും ഹോക്കിംഗിന് ലഭിച്ചിട്ടുണ്ട്. യുഎസ് നാഷണല്‍ അക്കാദമി ഓര് സയന്‍സസ്, അക്കാദമി ഓഫ് പോണ്ടിഫിസ്കല്‍ അക്കാദമി ഓഫ് സയന്‍സ് എന്നിവയിലെ അംഗം കൂടിയാണ് ഹോക്കിംഗ്.
സ്റ്റീഫൻ ഹോക്കിങ് ഒരിക്കലും ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. ദൈവമില്ലെന്ന വാദവുമായി നിരവധി തവണ മാധ്യമങ്ങൾക്ക് മുന്നിൽ വാദപ്രതിവാദം നടത്തുകയും ചെയ്തു. ഈ പ്രപഞ്ചം എങ്ങനെ നിര്‍മിക്കപ്പെട്ടു, നിലനില്‍ക്കുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശാസ്ത്രലോകത്തിന് ഒരുപാട് തെളിവുകളുണ്ട്. ഇതിനിടയില്‍ ദൈവം എന്ന വാക്കിന് യാതൊരു പ്രാധാന്യവുമില്ല എന്നായിരുന്നു സ്റ്റീഫൻ ഹോക്കിങ് എപ്പോഴും വാദിച്ചിരുന്നത്.
ഇന്ന് ജനങ്ങള്‍ പിന്തുടരുന്ന ദൈവ ശാസ്ത്രം മനുഷ്യര്‍ക്കിടയില്‍ അറിവിന്റെ അസമത്വം സൃഷ്ടിക്കാൻ മാത്രമാണ് സഹായിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ദൈവ ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം മനുഷ്യന്റെ ഭാവി എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം സംസാരിക്കുമായിരുന്നു.
ഭാവിയില്‍ ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വികസിക്കുന്നതോടെ അതുവച്ച് രൂപീകരിക്കപ്പെടുന്ന യന്ത്രങ്ങള്‍ മനുഷ്യനെ 100 കൊല്ലത്തിനുള്ളില്‍ കീഴടക്കിയേക്കും. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ ഇപ്പോഴേ എല്ലാവരും ശ്രദ്ധിക്കണമെന്നൊരു മുന്നറിയിപ്പും നൽകിയാണ് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞിരിക്കുന്നത്.
ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിൻ വൈൽഡിനെ സ്റ്റീഫൻ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിൻ വൈൽഡിനെ ഒഴിവാക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും വിവരമറിഞ്ഞതോടെ ജെയിൻ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു, പലരുടെയും ഉപദേശത്തെ മറികടന്ന്. ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതൽ ജീവിക്കാൻ തനിക്കു പ്രചോദനമായതെന്നു സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. ഇവർക്കു മൂന്നു മക്കൾ പിറന്നു – ലൂസി, തിമോത്തി, റോബർട്ട്. ജെയിൻ വൈൽഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെ അദ്ദേഹം വിവാഹം കഴിച്ചു.
സ്റ്റീഫൻ ഹോക്കിങ്ങിനെ കൂടുതല്‍ അറിയാന്‍ സ്റ്റീഫൻ ഹോക്കിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചു മുൻ ഭാര്യ ജെയിൻ വൈൽഡ് എഴുതിയ ‘ട്രാവലിങ് ടു ഇൻഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫൻ’ എന്ന പുസ്തകവും അതിനെ ആധാരമാക്കി ജയിംസ് മാർഷ് സംവിധാനം ചെയ്ത ‘ദ് തിയറി ഓഫ് എവരിതിങ്’ (2014) എന്ന സിനിമയും കൂടുതൽ അറിവു നൽകും.
ലേഖനത്തിനു കടപ്പാട്
https://www.facebook.com/pscvinjanalokam/
By
Sigi G Kunnumpuram
https://www.facebook.com/sigi.george