അമരാവതി: ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടി എൻഡിഎ സഖ്യം വിടുമെന്നു സൂചന. പാർട്ടിയുടെ രണ്ടു കേന്ദ്രമന്ത്രിമാർ ഇന്ന് രാജിവയ്ക്കും. ഇന്ന് രാവിലെ മന്ത്രിമാർ രാജിക്കത്തു കൈമാറുമെന്ന് ചന്ദ്രബാബു നായിഡു അറിയിച്ചു. കേന്ദ്രം ആന്ധ്രയോട് ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബുധനാഴ്ച വൈകുന്നേരം നടന്ന പാർട്ടിയോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി കൂട്ടുകെട്ട് ഉപേക്ഷിക്കാൻ ടിഡിപി തയാറെടുക്കുന്നത്.
ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാനാവില്ലെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്നു വ്യക്തമാക്കിയിരുന്നു. ‘വൈകാരിക വിക്ഷോഭങ്ങള’ല്ല കേന്ദ്ര സഹായത്തിന്റെ തോതു നിശ്ചയിക്കുന്നതെന്നും ജയ്റ്റ്ലി ഓർമിപ്പിച്ചു. ആന്ധ്രാപ്രദേശിന്റെ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ ഇതിനകം 4,000 കോടി രൂപ നൽകിയിട്ടുണ്ട്. ഇനി നൽകാനുള്ളത് 138 കോടി രൂപ മാത്രമാണ്. രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ മാത്രം സഹായങ്ങൾ വർധിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിനു പരിമിതിയുണ്ടെന്നും ജയ്റ്റ്ലി ഓർമിപ്പിച്ചു.