‘മാണിക്യമലരായ പൂവി’; പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് സിനിമയിലെ ഗാനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യംചെയ്ത് നടി പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. മാണിക്യമലരായ പൂവി എന്ന മാപ്പിളപ്പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടിക്കും സംവിധായകനുമെതിരെ കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അഭിപ്രായപ്പെട്ടു.

സംവിധായകന്‍ ഒമര്‍ ലുലുവും കേസ് എടുത്തതിനെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിലെ റാസ അക്കാദമിയും, മഹാരാഷ്ട്രയിലെ ജാഗരണ്‍ സമിതിയും നല്‍കിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.