മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി

മെക്‌സിക്കോ സിറ്റി: തെക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ഒക്സാക്ക സംസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒട്ടേറെ നാശനഷ്ടം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലും പ്രകമ്പനം അനുഭവപ്പെട്ടു.

റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഒക്‌സാക്ക സംസ്ഥാനത്തെ പിനോതെപ ദെ ഡോണ്‍ ലൂയിസാണ്. ഭൂതലത്തില്‍ നിന്ന് 24.6 കിലോമീറ്റര്‍ താഴെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

മെക്‌സിക്കോ സിറ്റി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഭൂചലന മുന്നറിയിപ്പ് സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ വീടിന് വെളിയില്‍ ഇറങ്ങണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറില്‍ മെക്‌സിക്കോയെ പിടിച്ചു കുലുക്കിയ രണ്ട് ഭൂചലനങ്ങളില്‍ നൂറോളം പേര്‍ മരിച്ചിരുന്നു.