മികച്ച ക്യാമറഫോണ്‍ തിരെഞ്ഞെടുക്കാനുള്ള 5 വഴികള്‍..

ഉണ്ണുന്നതിന്റെ മാത്രമല്ല, പറ്റുമെങ്കില്‍ ഉറങ്ങുന്നതിന്റെ പോലും ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്യുന്നവരാണ് ഇന്നത്തെ യുവാക്കളില്‍ ഏറിയ പങ്കും. സെല്‍ഫിയുടെ ജനപ്രീതി അനുദിനം വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഫോട്ടോകളെടുക്കുന്നതിന് കാമറയെയല്ല, സ്മാര്‍ട്ട്‌ഫോണുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. മികച്ച കാമറാ ഫീച്ചറുകളോടു കൂടിയ സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ധിക്കുന്ന ഡിമാന്റ് ഇതിനൊരു തെളിവാണ്.

കാമറയുടെ പിക്‌സലും, ക്വാളിറ്റിയും നോക്കിയാണ് ഭൂരിപക്ഷവും സ്മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കുന്നത് എന്നുപറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ഫോട്ടോയുടെ ക്വാളിറ്റിയെ ബാധിക്കുന്ന പല ഘടകങ്ങള്‍ കാമറയിലുണ്ട്. ഇവയെല്ലാം ഒത്തുവന്നാല്‍ മാത്രമേ നല്ല ക്വാളിറ്റിയുള്ള ഫോട്ടോ ലഭിക്കൂ. മികച്ച കാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. (സ്മാര്‍ട്ട്‌ഫോണ്‍ കാമറയുടെ കാര്യമാണ് പ്രധാനമായും പറയുന്നത്. അതിനാല്‍ത്തന്നെ ലെന്‍സിന്റെ പവര്‍, സൂമിംഗ് കപ്പാസിറ്റി, ഫോക്കല്‍ ലെംഗ്ത് തുടങ്ങിയ വസ്തുതകളെക്കുറിച്ചു ഇവിടെ പ്രതിപാദിക്കുന്നില്ല.)

1. മെഗാപിക്‌സല്‍

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ ആദ്യം ചോദിക്കുക കാമറ എത്ര മെഗാപിക്‌സലാണ് എന്നാണ്. ഇവരുടെ ചിന്ത ഉയര്‍ന്ന മെഗാപിക്‌സലുള്ള കാമറയായെങ്കില്‍ എല്ലാമായി എന്നാണ്. മെഗാപിക്‌സലിന്റെ കാര്യത്തില്‍ ഇത്തരം പല അബദ്ധധാരണങ്ങളും വെച്ചു പുലര്‍ത്തുന്നവരാണ് നമ്മളോരോരുത്തരും. ചിത്രങ്ങളുടെ ക്ലാരിറ്റിയെയും, ഡീറ്റെയിലിനെയും സാരമായി ബാധിക്കുന്ന ഘടകമാണ് മെഗാപിക്‌സല്‍ (എംപി). എന്നാല്‍ സാധാരണ 5 ഇഞ്ചോ, 5.5 ഇഞ്ചോ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണില്‍ ചിത്രങ്ങള്‍ ക്ലാരിറ്റിയോടു കൂടി കാണുന്നതിന് 1 എംപിയുടെ കാമറ മതിയാകും. നല്ല സ്‌ക്രീന്‍ (എച്ച്ഡി, ക്യൂഎച്ച്ഡി, ഐപിഎസ്) ആയിരിക്കണമെന്നു മാത്രം.

2. ഇമേജ് സെന്‍സര്‍ & ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഫീച്ചര്‍

ചിത്രങ്ങളുടെ ക്ലാരിറ്റിക്ക് ഏറ്റവും അടിസ്ഥാനമായ ഭാഗമാണ് കാമറയുടെ ഇമേജ് സെന്‍സര്‍. മറ്റു സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ വളരെ വലുപ്പം കൂടിയ ഇമേജ് സെന്‍സറുകളുപയോഗിക്കുന്നതു മൂലമാണ് നോക്കിയ പര്‍വ്യൂ (41 എംപി കാമറ) പകര്‍ത്തുന്ന ചിത്രങ്ങള്‍ക്കു കൂടുതല്‍ ക്ലാരിറ്റി ലഭിക്കുന്നത്. (വലിയ ചുവര്‍ബാനര്‍ വലുപ്പത്തില്‍ ചിത്രങ്ങളെടുക്കുവാന്‍ വേണ്ടിമാത്രമേ 41 എംപിയുടെ കാമറ ആവശ്യമുള്ളു. സാധാരണ സൈസുകളില്‍ പ്രിന്റെടുക്കുന്നതിന് അഞ്ചു എംപിയുടെ കാമറ മതിയാകും.)
മങ്ങിയ വെളിച്ചത്തില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് ക്ലാരിറ്റി നല്‍കുന്നത് ഓഐഎസ് (ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍) ഫീച്ചറാണ്.

3. പിക്‌സല്‍ റസല്യൂഷന്‍

പിക്‌സല്‍ റസല്യൂഷന്‍ എത്ര കൂടുതലാണോ അത്രയും നല്ലതായിരിക്കും ചിത്രങ്ങള്‍. അതിനാല്‍ ഉയര്‍ന്ന പിക്‌സല്‍ റസല്യൂഷന്‍ ഉള്ള ഫോണ്‍ വാങ്ങുക.

4. അപ്പര്‍ച്ചര്‍

ലെന്‍സിന്റെ വാതില്‍ അഥവാ അപ്പര്‍ച്ചര്‍ ആണ് ചിത്രത്തിന്റെ ഗുണമേന്മയെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. അപ്പര്‍ച്ചറിലൂടെയാണ് ഇമേജില്‍ നിന്നുള്ള പ്രകാശം സെന്‍സറില്‍ പതിക്കുന്നത്. അതിനാല്‍ കൂടുതല്‍ വലിയ അപ്പര്‍ച്ചര്‍ ഉള്ള കാമറ കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങള്‍ക്കു കൂടുതല്‍ ക്വാളിറ്റി നല്‍കുന്നു. നല്ല ചിത്രങ്ങള്‍ ലഭിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 1.8 അപ്പര്‍ച്ചര്‍ എങ്കിലും ഉള്ള കാമറാ ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. 2.0, 2.2, 2.4 അപ്പര്‍ച്ചറോടു കൂടിയ സ്മാര്‍ട്ട്‌ഫോണുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

5. സ്‌ക്രീന്‍

അല്‍പം ക്ലാരിറ്റി കുറഞ്ഞ ഫോട്ടോയും നല്ല സ്‌ക്രീനില്‍ മികച്ചതായും, മോശം സ്‌ക്രീനില്‍ നിലവാരം കൂടിയ ചിത്രങ്ങള്‍പോലും മോശമായും കാണപ്പെടും.

മറ്റു കാര്യങ്ങള്‍

ഫോട്ടോ എടുക്കുന്നതിനു മുന്‍പ് ലെന്‍സ് വൃത്തിയാക്കുക. സ്മാര്‍ട്ട്‌ഫോണ്‍ പോക്കറ്റിലും മറ്റുമായി സൂക്ഷിക്കുമ്പോള്‍ ലെന്‍സില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള പൊടിയും മറ്റും കളയുന്നതിനാണിത്.
കാമറ ഫീച്ചറുകള്‍ മനസിലാക്കി ഉപയോഗിക്കുക, ഉയര്‍ന്ന റസല്യൂഷനില്‍ ചിത്രങ്ങളെടുക്കുക തുടങ്ങിയ കാര്യങ്ങളും സ്മാര്‍ട്ട്‌ഫോണില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

പിക്‌സല്‍ കൂടുന്നതിനനുസൃതമായി ഫോട്ടോകളുടെ ക്വാളിറ്റിയും വര്‍ധിക്കും എന്ന പൊതുവായ ധാരണയെ മുതലെടുത്ത് ഉയര്‍ന്ന പിക്‌സലുള്ള കാമറകള്‍ നല്‍കി വിപണി പിടിക്കാന്‍ ശ്രമിക്കുകയാണ് പ്രമുഖ മൊബൈല്‍ നിര്‍മാതാക്കള്‍. ഡിഎസ്എല്‍ആര്‍ കാമറയെക്കാള്‍ മികച്ച ചിത്രമെടുക്കാന്‍ സഹായിക്കുന്നു എന്നു മിക്ക കമ്പനികളും അവകാശവാദം മുഴക്കുന്നുവെങ്കിലും സത്യത്തില്‍ ഉയര്‍ന്ന പിക്‌സലുകളുള്ള ഈ കാമറയിലെടുക്കുന്ന ചിത്രങ്ങള്‍ക്ക് ഒരു സാധാരണ പോയിന്റ്-ആന്‍ഡ്-ഷൂട്ട് കാമറയിലെടുക്കുന്ന ചിത്രത്തിന്റെ അത്ര പോലും ക്വാളിറ്റി ലഭിക്കുന്നില്ല.

പിക്‌സല്‍ ഉയരുന്നതിനനുസരിച്ച് ഉയര്‍ന്ന ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ ലഭിക്കും എന്നു പറയുന്നത് തീര്‍ത്തും വാസ്തവ വിരുദ്ധമല്ല താനും. എന്നാല്‍ അതേ സമയം പിക്‌സല്‍ ഉയര്‍ന്നതായതു കൊണ്ടു മാത്രം ഫോട്ടോ നന്നാവണമെന്നില്ല. ഉയര്‍ന്ന പിക്‌സല്‍ കാമറയുള്ള ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണിലെടുത്ത ചിത്രവും എട്ട് എംപിയുടെ മാത്രം കാമറയുള്ള ഐഫോണ്‍ 6പ്ലസിലെടുക്കുന്ന ഫോട്ടോയും താരതമ്യം ചെയ്താല്‍ ഈ വ്യത്യാസം എളുപ്പത്തില്‍ മനസ്സിലാക്കാം.

Courtesy: Deepika.com,Maxin francise

© 2024 Live Kerala News. All Rights Reserved.