പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണത്തില്‍ വിശദീകരണവുമായും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ശ്രീജിവിന്റെ ഇന്‍ക്വസ്റ്റ് നടത്തിയത്. ഉദ്യോഗസ്ഥര്‍ നിരപരാധികളാണെങ്കില്‍ അവരെ ക്രൂശിക്കരുതെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അസോസിയേഷന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകളും പോസ്റ്റുകളും ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പോലീസിന് സ്വന്തം ഭാഗം വ്യക്തമാക്കാന്‍ കഴിയാതെ പതിവ് നിസഹായവസ്ഥയിലാണ് ഇപ്പോഴും ഉള്ളതെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു. ഈ സംഭവത്തെ ഇപ്പോള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ട് വന്നതെന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമായും ഉയരുമ്പോള്‍ അതിലെ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസോസിയേഷന്‍ പറയുന്നു.
രമേശ് ചെന്നിത്തല യെയുംഅസോസിയേഷന്‍ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്നവര്‍ മറവി രോഗത്തിന് അടിമപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ഹാഷ് ടാഗുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.
മാന്യമായ വസ്ത്രം ധരിച്ചാവണം ഒരു മനുഷ്യനെ ലോക്കപ്പില്‍ പാര്‍പ്പിക്കേണ്ടത് എന്ന് തിരിച്ചറിവ് ഉണ്ടെങ്കിലും മുന്‍കാലങ്ങളിലെ തീക്ഷ്ണമായ അനുഭവങ്ങളാണ് അടിവസ്ത്രത്തില്‍ ഒരു പ്രതിയെ ലോക്കപ്പില്‍ പാര്‍പ്പിക്കാന്‍ ഒരോ പോലീസുകാരനും നിര്‍ബന്ധതിനാകുന്നതെന്നും അസോസിയേഷന്‍ ന്യായീകരിക്കുന്നു