ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിനു തുടക്കം; പ്രതിനിധികള്‍ തലസ്ഥാനത്തെത്തി

കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസിസമൂഹത്തെയാകെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് തലസ്ഥാനത്ത് തുടക്കം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികള്‍ സഭയില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തി.

അതേസമയം പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ ലോക കേരളസഭ ബഹിഷ്‌കരിച്ചു. ഇരിപ്പിടം ഒരുക്കിയതില്‍ അവഗണനയുണ്ടായി എന്നാരോപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. വ്യവസായികള്‍ക്കും പിന്നില്‍ പ്രതിപക്ഷ ഉപനേതാവിന് സീറ്റൊരുക്കിയതിലായിരുന്നു പ്രതിഷേധം.

നിയമസഭാമന്ദിരത്തിലെ പ്രത്യേക വേദിയില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. കരട് രേഖയും അദ്ദേഹം അവതരിപ്പിക്കും. സമ്മേളന നടപടി രാവിലെ 9.30ന് ആരംഭിക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭാരൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തും. തുടര്‍ന്ന് സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭയുടെ പ്രാധാന്യം വിശദീകരിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. 351 അംഗങ്ങളാണ് സഭയില്‍ ഉണ്ടാകുക.