രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ല, കാലം മാറുമ്പോള്‍ എല്ലാം മാറുമെന്ന് രജനികാന്ത്

രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം മാറുമ്പോള്‍ എല്ലാത്തിനും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും നടന്‍ രജനികാന്ത്. രാഷ്ട്രീയ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് രജനിയുടെ അഭിപ്രായ പ്രകടനം. തമിഴ്‌നാടിന്റെ വിവിധ ഭാഗത്തു നിന്നുള്ള ആരാധകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വ്യക്തിയുടെ കഴിവിനേക്കാള്‍ സ്വഭാവമാണ് അയാളെ മുന്നോട്ട് നയിക്കുന്നതെന്നും രജനി കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ ശിവാജി ഗണേശന്റെ മുന്നില്‍ വച്ച് ആരാധകര്‍ തന്റെ നാമം ഉരുവിട്ടെന്നും അത് കേട്ട് അദ്ദേഹം തന്റെ കാലം വന്നുവെന്നു പറഞ്ഞുവെന്നും രജനി ഓര്‍മിച്ചു. ഈയിടെ താന്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ പോയപ്പോള്‍ അവിടെ ഒരു പ്രമുഖ നടന്‍ വന്നു. നടന്റെ ആരാധകര്‍ അദ്ദേഹത്തിന്റെ പേര് ആര്‍ത്ത് വിളിക്കുന്നുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ കാലമാണെന്ന് താന്‍ മനസിലാക്കുകയായിരുന്നുവെന്ന് രജനി പറഞ്ഞു.

മരിച്ച് ഇത്ര വര്‍ഷങ്ങളായിട്ടും ജനഹൃദയങ്ങളില്‍ എംജിആര്‍ ജീവിക്കുന്നു. അത് അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായിരുന്നു എന്നതിന്റെ തെളിവാണ്. എംജിആറിനെ ആളുകള്‍ ആരാധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണ്. ഇനി നൂറു വര്‍ഷം കഴിഞ്ഞാലും എംജിആര്‍ ജനങ്ങളുടെ മനസ്സിലുണ്ടാകുമെന്നും രജനി പറഞ്ഞു.