കേരളം 6,100 കോടി കടമെടുക്കുന്നു; ട്രഷറി നിയന്ത്രണം നീക്കും

കേരളത്തിന് പൊതുവിപണിയില്‍നിന്ന് കടമെടുക്കാനുള്ള തടസ്സംനീങ്ങിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജനുവരിയില്‍ 6,100 കോടിരൂപകൂടി കടമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രാനുമതി ലഭിക്കാതിരുന്നതാണ് നടപടി വൈകാന്‍ കാരണം. നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇത് സഹായകരമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ജനുവരി രണ്ടാംവാരത്തോടെ ട്രഷറി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ പണം കിട്ടിയാലും സാമ്പത്തിക വര്‍ഷാവസാനത്തെ എല്ലാ ചെലവുകള്‍ക്കും തികയില്ലെന്നും സാമ്പത്തിക നയത്തില്‍ കര്‍ശനമായ നിയന്ത്രണം ആവശ്യമാണെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനത്തിലെ ക്ഷേമപദ്ധതികള്‍ ചുരുക്കാന്‍ കാരണമാകില്ലെന്നും എന്നാല്‍ ചില വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഇരുപതിനായിരം കോടി കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. അനുവദിച്ചിട്ടും ചെലവാക്കാത്ത 13,000 കോടിയോളം രൂപ വിവിധ വര്‍ഷങ്ങളായി വകുപ്പുകള്‍ ട്രഷറിയിലെ സമ്പാദ്യ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു. ഇത് കണക്കിലേയുള്ളൂ. പണമില്ല. ഇങ്ങനെ പൊതു അക്കൗണ്ടില്‍ വന്‍തോതില്‍ പണം മിച്ചം കിടന്നതുകൊണ്ടാണ് വായ്പയെടുക്കുന്നത് കേന്ദ്രം തടഞ്ഞത്. കേന്ദ്രത്തിന്റെ ഈ ഇടപെടല്‍ സര്‍ക്കാരിന് ഒരു പാഠമാണ്. സാമ്പത്തിക അച്ചടക്കം പാലിച്ചേ ഇനി മുന്നോട്ടുപോകൂ. താത്കാലികമായാണെങ്കിലും ട്രഷറിവഴി വായ്പയെടുത്ത് വികസനത്തിന് ചെലവിടുന്ന നയം സംസ്ഥാനം ഉപേക്ഷിക്കുകയാണെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ട്രഷറികളില്‍ ശമ്പളം, പെന്‍ഷന്‍, ക്ഷേമാനുകൂല്യങ്ങള്‍, സമ്പാദ്യ അക്കൗണ്ടിലെ പണം എന്നിവയൊഴികെ മറ്റെല്ലാം മാറുന്നതിന് നിയന്ത്രണമുണ്ട്. ജനുവരി രണ്ടാംവാരത്തോടെ നിയന്ത്രണങ്ങള്‍ മാറും. കരാറുകാര്‍ക്ക് ബില്‍ ഡിസ്‌കൗണ്ടിങ് രീതിയില്‍ പണം നല്‍കും. 25 ലക്ഷം രൂപയില്‍ക്കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി വേണമെന്ന വ്യവസ്ഥ തുടരുമെന്ന് ഐസക് പറഞ്ഞു. ജി.എസ്.ടി.യില്‍ 25 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചാണ് ബജറ്റ് ഉണ്ടാക്കിയത്. കേന്ദ്രത്തിന്റെ നഷ്ടപരിഹാരം ഉള്‍പ്പടെ 14 ശതമാനം വളര്‍ച്ചമാത്രമേ ഇത്തവണ ഉണ്ടാകൂ. ഇതാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.