പാചകവാതകം; മാസംതോറുമുള്ള വിലവര്‍ധന പിന്‍വലിച്ചു

ഗാര്‍ഹികോപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് (എല്‍പിജി) മാസംതോറും വില കൂട്ടാനുള്ള തീരുമാനം കേന്ദ്ര സര്ക്കാര്‍ പിന്‍വലിച്ചു. പ്രതിമാസം നാലു രൂപവീതം കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നാണ് കേന്ദ്രം പിന്മാറിയത്. വില വര്‍ധിപ്പിക്കുന്നത് ഒക്ടോബര്‍ മുതല്‍ നിര്‍ത്തിവച്ചിരുന്നു.

പാവങ്ങള്‍ക്കു സൗജന്യ പാചകവാതകം നല്‍കാനുള്ള പദ്ധതിയോടൊപ്പം സാധാരണക്കാര്‍ക്ക് നല്‍കുന്ന സിലിണ്ടറിന് മാസാമാസം വിലവര്‍ധനയും എന്ന വൈരുധ്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണു നടപടി. മാസംതോുമുള്ള വിലവര്‍ധന എന്ന കേന്ദ്രത്തിന്റെ തീരുമാനത്തിന് ഏറെ ജനരോഷം ഉണ്ടായിരുന്നു.

2016 ജൂലൈ ഒന്നുമുതല്‍ സിലിണ്ടറിനു (14.2 കിലോഗ്രാം) മാസംതോറും രണ്ടുരൂപ വീതം കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇങ്ങനെ പത്തുവട്ടമാണു വില കൂട്ടിയത്. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ രണ്ടില്‍നിന്ന്, പ്രതിമാസം നാലുരൂപ വീതം കൂട്ടാന്‍ അനുമതി നല്‍കുകയായിരുന്നു. 2018 മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉത്തരവാണു റദ്ദാക്കിയത്.

© 2024 Live Kerala News. All Rights Reserved.