സംസ്ഥാനത്തെ പകുതിയോളം റേഷന്‍ കടകള്‍ക്ക് പൂട്ട് വീണേക്കും

റേഷന്‍ കടകളിലെ വില്‍പ്പന 75 ക്വിന്റലാക്കി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയ കടകളിലെ കാര്‍ഡുകള്‍ സമീപമുള്ള വില്‍പ്പന 75 ക്വിന്റലില്‍ കുറവായ കടകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. കാര്‍ഡുടമകള്‍ക്ക് അസൗകര്യം ഉണ്ടാകാത്ത വിധമായിരിക്കണം പുനഃക്രമീകരണം എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തിലുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്നാണ് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നത്.

സംസ്ഥാനത്ത് 14,419 റേഷന്‍ കടകളാണുള്ളത്. ഇതില്‍ പകുതിയിലും പ്രതിമാസ വില്‍പ്പന 75 ക്വിന്റലില്‍ കുറവാണ്. പുതിയ കാര്‍ഡുകള്‍ വിതരണം നടത്തിയതിനൊപ്പം മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ പുറത്താക്കുകയും ചെയ്തതോടെ ഓരോ കടയിലെയും ഭക്ഷ്യധാന്യവിതരണം ചുരുക്കി. 350 കാര്‍ഡും 45 ക്വിന്റലും കൈകാര്യം ചെയ്യുന്ന കടകള്‍ നിലനിര്‍ത്തുമെന്നായിരുന്നു വ്യാപാരികള്‍ക്ക് നല്‍കിയ വാഗ്ദാനം. ചുരുങ്ങിയത് പ്രതിമാസം 16,000 രൂപ വേതനം നല്‍കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. വില്‍പ്പനയിലെ കുറവിന് ആനുപാതികമായി വ്യാപാരിക്ക് ലഭിക്കുന്ന കമ്മിഷന് കുറവുണ്ടാകുന്നത് പരിഹരിക്കാന്‍ റേഷന്‍ കാര്‍ഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്റെ അളവും പുനഃക്രമീകരിക്കാനായിരുന്നു തീരുമാനം. ശരാശരി തുക എല്ലാ കടകള്‍ക്കും കമ്മിഷന്‍ ലഭിക്കുന്ന രീതിയില്‍ 2018 മാര്‍ച്ച് 31 ന് മുമ്പ് പുനഃക്രമീകരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

റേഷന്‍കടകളില്‍ ചുരുങ്ങിയത് 45 ക്വിന്റല്‍ വില്‍പ്പന വേണമെന്നാണ് നിബന്ധന. മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ല. ഇതനുസരിച്ചുള്ള പുനഃക്രമീകരണത്തിനുള്ള ശുപാര്‍ശ തയ്യാറാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടുത്ത ബുധനാഴ്ച യോഗം ചേരുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.

പകുതിയോളം കടകള്‍ പൂട്ടി സംസ്ഥാനത്തെ റേഷന്‍ വിതരണം അട്ടിമറിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കമാണിതെന്നാണ് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നത്. ചുരുങ്ങിയ വേതനമായ 16,000 രൂപയില്‍ കടവാടകയും സഹായിക്ക് ശമ്പളവും നല്‍കിയാല്‍ കടയുടമയ്ക്ക് കിട്ടുക തുച്ഛമായ തുകയാണ്. നിലവിലെ പാക്കേജ് ഒഴിവാക്കി എല്ലാ കടകളും നിലനിര്‍ത്താനുള്ള പാക്കേജ് സര്‍ക്കാരിന് സംഘടന സമര്‍പ്പിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.