നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ കുറ്റം, തരിശിട്ടാല്‍ ഏറ്റെടുക്കും, നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമായി കണക്കാക്കികൊണ്ട് 2008 ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി കേരളാ സര്‍ക്കാര്‍. നിയമഭേദഗതിക്കുള്ള കരട്‌രേഖ തയ്യാറാക്കിയതായും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചചെയ്യുമെന്നുമാണ് വിവരം.

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാകുറ്റമായി കണക്കാക്കുന്നതിന് പുറമെ, കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തരിശ്ഭൂമി ഏറ്റെടുക്കുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നിയമത്തില്‍ ഇനി ഉള്‍പ്പെടുത്തും .ഇതിനനുസരിച്ച് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഉടമയുടെ അനുമതിയില്ലാതെ പഞ്ചായത്തുകള്‍ക്ക് തരിശ്ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാം. ഒരു നിശ്ചിത തുക ഉടമയ്്ക്ക് പാട്ടമായി നല്‍കിയാല്‍ മതി. അതോടൊപ്പം തന്നെ 2008 ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ ക്രമപ്പെടുത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്.

കൂടാതെ തരിശ്ഭൂമിയില്‍ വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭേദഗതി ചെയ്യാനുള്ള തീരുമാനമുണ്ട്. വീട് വെയ്ക്കാന്‍ 300 ചതുരശ്ര അടി വരെ നികത്തുന്നതിന് ഇനി പിഴയീടാക്കുകയില്ല.വ്യാവസായിക ആവശ്യത്തിനാണെങ്കില്‍ 100 ചതുരശ്ര അടി വരെ നികത്തിയാലും പിഴയീടാക്കുകയില്ല.അതിനു മുകളിലാണെങ്കില്‍ ന്യായവിലയുടെ പകുതിതുക പിഴ ഈടാക്കുന്നതാണ്.

© 2024 Live Kerala News. All Rights Reserved.