റോഡ് ഗതാഗത സുരക്ഷാ ബിൽ ഉടനെ നടപ്പിലാക്കും: മോദി

ന്യൂഡൽഹി: അപകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന റോഡ് ഗതാഗത സുരക്ഷാ ബിൽ ഗവൺമെന്റ് ഉടൻ തന്നെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആകാശവാണിയിലെ മൻ കി ബാത് പരിപാടിയിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

1033 എന്ന ടോൾ ഫ്രീ നന്പരും രോഗികൾക്ക് ആംബുലൻസ് സേവനവും റോഡപകടത്തിൽപ്പെട്ടവർക്ക് ആദ്യത്തെ 50 മണിക്കൂറിനുള്ളിൽ സൗജന്യ ചികിത്സയും നൽകുക തുടങ്ങിയവയ്ക്കാകും നിർദ്ദിഷ്ട ബില്ലിൽ പ്രാധാന്യം നൽകുക എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ റോഡുകളിലുണ്ടാകുന്ന അപകടങ്ങളുടെ ഉയർന്ന സംഖ്യയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ നാല് മിനിറ്റിലും രാജ്യത്ത് അപകടങ്ങളിൽ ഒരു മരണം ഉണ്ടാകുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം എല്ലാ ജീവനും വിലയുള്ളതാണെന്ന് വ്യക്തമാക്കി.

കാർഗിൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരയോദ്ധാക്കൾക്ക് അദ്ദേഹം സ്മരണാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ വർഷം ജൂലായ് 26ന് ആരംഭിച്ച മൈഗോവ് പോർട്ടലിന് ഗവൺമെന്റിന്റെ വികസന പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ രണ്ട് കോടി ജനങ്ങളാണ് ഈ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തിൽ താൻ നടത്തേണ്ട ചർച്ചയെപ്പറ്റിയും ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ലഭിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി കേന്ദ്രത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്മാരോട് അവിടെയുള്ള ഓരോ സംസ്ഥാനങ്ങളിലും ഏഴ് ദിവസത്തെ കാന്പ് നടത്തുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളിൽ ശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കാൻ മാനവശേഷി വകുപ്പ് രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ കുഗ്രാമങ്ങളിൽ തടസമില്ലാതെ സ്ഥിരവൈദ്യുതി നൽകുക എന്ന ഉദ്യേശത്തോടെ ഗവൺമെന്റ് ദീൻദയാൽ ഉപാദ്ധ്യായ ഗ്രാം ജ്യോതി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കാൺപൂർ സ്വദേശിയായ അഖിലേഷ് വാജ്‌പെയ് എന്ന വ്യക്തി മൈഗോവ് പോർട്ടലിൽ നൽകിയ നിർദ്ദേശം മുഖവിലയ്ക്കെടുത്ത് ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ ഭിന്നശേഷിയുള്ളവർക്ക് ടിക്കറ്റ് ലഭ്യമാകുന്നൊരു സംവിധാനം ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.