പ്രധാനമന്ത്രിയുടെ പൂന്തുറ പ്രസംഗം: പരിഭാഷയില്‍ ആകെ അബദ്ധങ്ങള്‍, മോഡി പറഞ്ഞത് പകുതിയും ‘വിഴുങ്ങി’

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്തെ പൂന്തുറയില്‍ എത്തിയത്. ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാനാണ് മോഡി ഇവിടെ എത്തിയത്. സന്ദര്‍ശനവേളയില്‍ അദ്ദേഹം അവിടെ പ്രസംഗിക്കുകയും ചെയ്തിരുന്നു. ആ പ്രസംഗം പരിഭാഷപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരാളെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മോഡി പറഞ്ഞതൊന്ന് പരിഭാഷക പറഞ്ഞത് മറ്റൊന്ന്. മോഡി പറഞ്ഞതില്‍ കുറെ അവര്‍ വിഴുങ്ങുകയും ചെയ്തു.

പരിഭാഷകയുടെ പരിചയക്കുറവില്‍ മോഡിക്കൊപ്പം ഡല്‍ഹിയില്‍നിന്ന് വന്ന ഹിന്ദിയും മലയാളവും അറിയാവുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പ്രസംഗം നടന്നുകൊണ്ടിരിക്കെ തന്നെ പരിഭാഷകയെ മാറ്റി വി. മുരളീധരനെക്കൊണ്ട് പരിഭാഷപ്പെടുത്താനുള്ള ശ്രമം നടത്തി. പക്ഷെ, മുരളീധരന്‍ വേദിക്ക് അരികില്‍ എത്തിയപ്പോഴേക്കും മോഡി പ്രസംഗം അവസാനിപ്പിച്ചിരുന്നു.

കേരളത്തില്‍ നിന്നു പോയ മത്സ്യത്തൊഴിലാളികളില്‍ പലരും വിദേശ രാജ്യങ്ങളിലെത്തിയിരിക്കുകയാണെന്നും ഇവരുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞെങ്കിലും ഇത് പരിഭാഷകയുടെ ശ്രദ്ധയില്‍ പെട്ടില്ല.

ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ആഘോഷത്തിനുള്ള സമയമല്ലെന്നായിരുന്നു പരിഭാഷ. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കനുസരിച്ച് പരമാവധി സഹായം നല്‍കാം എന്നു പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അത് പരിഭാഷയില്‍ വിട്ടുപോയി. ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ഈശ്വരന്റെ പേരില്‍ നിങ്ങള്‍ക്കുറപ്പുതരുന്നു എന്നായി പരിഭാഷ.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ പരിശ്രമവും നടത്തുമെന്നു പറഞ്ഞപ്പോള്‍ അതൊഴിവാക്കി. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞപ്പോള്‍ പരിഭാഷയില്‍ അത് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നായി.

© 2024 Live Kerala News. All Rights Reserved.