ദീലീപും-മഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അക്രമിക്കപ്പെട്ട നടിയും കാരണം; ഞാനും ദിലീപും ഒരുമിച്ചിരിക്കുന്ന ഫോട്ടോ മഞ്ജുവിന് അയച്ചു കൊടുത്തു: കാവ്യയുടെ മൊഴി നിര്‍‌ണായകമാകുന്നു

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യയുടെ മൊഴി നിര്‍ണായകമാകുന്നു. അക്രമിക്കപ്പെട്ട നടിക്ക് ദിലീപ്-മഞ്ജു വാര്യര്‍ ബന്ധം തകര്‍ത്തതില്‍ പങ്കുണ്ടെന്ന് കാവ്യ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ്-മഞ്ജു വിവാഹ മോചനത്തിന് കാരണം താനല്ലെന്ന് പറഞ്ഞ കാവ്യ അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും ഒരു കാരണമായിട്ടുണ്ടെന്ന് മൊഴി നല്‍കി.

ഞാനും ദിലീപും അടുത്തിരിക്കുന്ന ഫോട്ടോ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നു ദിലീപ് പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അതേസമയം, ഞാനാണ് ദിലീപിന്റെയും മഞ്ജുവിന്റെയും പ്രശ്‌നങ്ങള്‍ക്കുള്ള കാരണക്കാരിയെന്ന് അക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞിട്ടുണ്ട്.

2013ല്‍ ‘മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിയുടെ ഭാഗമായി അബാദ് പ്ലാസയില്‍ നടന്ന റിഹേഴ്‌സലിനെത്തിയ താരങ്ങളോട് ദിലീപിനെയും തന്നെയും ചേര്‍ന്ന് പല പ്രചരണങ്ങളും നടത്തിയതും ഇവരാണ്. ഈ സമയത്ത്, നടന്‍ സദ്ദീഖ് പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നെന്നും കാവ്യ മൊഴി നല്‍കി. ദിലീപും മഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നുമുതലാണ് തുടങ്ങിയതെന്ന് തനിക്കറിയില്ലെന്നും കാവ്യ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തന്നെയും ദിലീപിനെയും ചേര്‍ത്ത് നടത്തുന്ന പ്രചരണങ്ങള്‍ നടത്തുന്ന സമയത്ത് ബിന്ദുപണിക്കര്‍ ഇക്കാര്യം ദിലീപിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ദിലീപ് സിദ്ദീഖിനോട് ഇടപെടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സിദ്ധീഖിന് പുറമെ വേറെ ആരെങ്കിലും ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നോ എന്ന അറിയില്ലെന്നും കാവ്യയുടെ മൊഴിയില്‍ പറയുന്നു.

ഈ സംഭവത്തിനുശേഷം ദിലീപ് അവരുമായി സംസാരിച്ചിട്ടില്ല. ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയിലെ ‘പതിനേഴില്‍’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഡാന്‍സ് ആണ് ഞാനും ദിലീപും ചേര്‍ന്നാണ് ആ ഷോയില്‍ അവതരിപ്പിച്ചിരുന്നത്. അതിന്റെ റിഹേഴ്‌സല്‍ നടക്കുന്ന സമയത്താണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.

മഞ്ജു വാര്യറുമായി ഞാനിപ്പോള്‍ സംസാരിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോണ്‍ വിളിച്ച് പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം പിറ്റേ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ജോസഫ് വിളിച്ചുപറഞ്ഞാണ് സംഭവം അറിഞ്ഞതെന്നും നടിയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ട് എല്ലാ പിന്തുണയും തങ്ങള്‍ അറിയിച്ചിരുന്നതായും കാവ്യ പറഞ്ഞു. റിമി ടോമിയും തന്നെ സംഭവം വിളിച്ചുപറഞ്ഞിരുന്നു. പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നും കാവ്യ ആവര്‍ത്തിച്ചു. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം ശ്രീകുമാര്‍ മേനോനായിരുന്നുവെന്നും കാവ്യ മൊഴി നല്‍കി.