ഗുജറാത്ത് തെരഞ്ഞെടുപ്പ്: കുമ്മനം രാജശേഖരന്റെ പ്രതികരണം

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ ഉജ്വലവിജയം ദേശീയ രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനനം രാജശേഖരന്‍. തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.വരും കാലങ്ങളില്‍ ദേശീയ രാഷ്ട്രീയത്ത് സംഭവിക്കാന്‍ പോകുന്ന ക്രിയാത്മക രാഷ്ട്രീയത്തിന്റെ സൂചകമാണ് ഈ വിജയം. പ്രതിപക്ഷ കക്ഷികള്‍ ഒന്നായി കുപ്രചരണങ്ങള്‍ നടത്തിയിട്ടും അതിനെ പ്രതിരോധിക്കാനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. ഈ വിജയത്തോടെ ഇന്ത്യയിലെ 83 ശതമാനം സ്ഥലങ്ങളിലും ബിജെപിയുടെ ഭരണമാണ് നടക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മൂന്നോ നാലോ സംസ്ഥാനങ്ങളിലേക്ക് മാത്രമായി കോണ്‍ഗ്രസിന്റെ സ്വാധീനം ചുരുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരസ്‌ക്കരിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഗുജറാത്തില്‍ ജാതി, സങ്കുചിത രാഷ്ട്രീയങ്ങള്‍ ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന കോണ്‍ഗ്രസിന്റെ വ്യാമോഹമാണ് ഇവിടെ പൊലിഞ്ഞു വീണതെന്നും അദ്ദേഹം പറഞ്ഞു. വികസന രാഷ്ട്രീയവും സങ്കുചിത രാഷ്ട്രീയവും തമ്മിലുള്ള മത്സരത്തില്‍ വികസന രാഷ്ട്രീയം വിജയിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗുജറാത്തില്‍ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും ചേര്‍ന്ന് നടത്തിയത് നെറികെട്ട തരംതാണ പ്രചരണങ്ങളാണ്. ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.