ആര്‍ത്തവ ദിനങ്ങളിലെ ക്ഷേത്രപ്രവേശനം, വനിതാ പൂജാരിമാര്‍, ശബരിമലയിലെ സ്ത്രീപ്രവേശനം: നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രന്‍

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ശബരിമലയിലും സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന നിലപാടാണു കേരള സര്‍ക്കാരിനുള്ളതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ പൂജാരികളാക്കി നിയമിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനായി ‘തമിഴക തീണ്ടാമെ ഒഴിപ്പു മുന്നണി’ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ രംഗങ്ങളിലും ഇന്ത്യയ്ക്കു മാതൃകയാണു കേരളം. ദളിതര്‍ക്കു ക്ഷേത്രങ്ങളുടെ മുന്നിലൂടെ നടക്കാന്‍ പോലും വിലക്കുള്ള കാലത്തിലൂടെ കേരളം കടന്നുപോയിട്ടുണ്ട്. അതേ കേരളത്തിലാണു ദളിത് ശാന്തിമാര്‍ എല്ലാ ജാതിക്കാര്‍ക്കും പ്രസാദം കൈമാറുന്നത്. കാലവും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ചു സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.

ദളിതരെ പൂജാരികളാക്കി മാതൃക കാട്ടിയ കേരളം സ്ത്രീകളെയും പൂജാരികളാക്കണമെന്നു മന്ത്രിക്കു മുന്‍പു പ്രസംഗിച്ച പി.സുഗന്ധി ആവശ്യപ്പെട്ടിരുന്നു.

എത്രയോ അയ്യപ്പക്ഷേത്രങ്ങള്‍ രാജ്യത്തുണ്ട്. ഇവിടെയെല്ലാം സ്ത്രീകള്‍ക്കു പ്രവേശിക്കാമെങ്കില്‍ ശബരിമലയിലും സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഈ അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ മുന്‍പു സ്ത്രീകള്‍ക്കു പോകുന്നതിനും സന്ദര്‍ശനം നടത്തുന്നതിനും ചില പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി അതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആര്‍ത്തവ ദിനങ്ങളില്‍ അശുദ്ധിയുണ്ടെന്നാണ് സ്ത്രീകളെ ശബരിമലയില്‍ വിലക്കണമെന്നു പറയുന്നവരുടെ വാദം. ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകുന്ന പതിവില്ലെന്ന കാര്യം മറന്നാണു പുതിയ വാദവുമായി ചിലര്‍ രംഗത്തു വന്നിട്ടുള്ളത്. സ്ത്രീകള്‍ക്ക് ഏറ്റവും സൗകര്യപ്രദമെന്ന് അവര്‍ തന്നെ പറയുന്ന ചുരിദാര്‍ ധരിച്ചു ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ എന്തു തെറ്റാണുള്ളതെന്നും മന്ത്രി ചോദിച്ചു.