ജിഷ വധക്കേസ്; കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നാള്‍വഴികളിലൂടെ

പെരുമ്പാവൂരിനടുത്ത് വട്ടോളിപ്പടിയില്‍ വീടിനുള്ളില്‍ നിയമ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസ് പ്രാധാന്യമില്ലാതെ വന്ന് ജിഷാ വധക്കേസായി പരിണമിച്ച് വളരെ വേഗമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നതിനാല്‍ ഈ പ്രശ്‌നം വേഗത്തില്‍ കത്തിപടര്‍ന്നു. സംഭവം കേരളത്തിന്റെ 14-ാം നിയമസഭാ രിരഞ്ഞെടുപ്പില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു. സോഷ്യല്‍ മീഡിയകൂടി ഏറ്റെടുത്തതോടെ ദേശീയ ശ്രദ്ധയും പിടിച്ചു പറ്റി. സംഭവം നടന്ന് 43-ാം ദിവസമാണ് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നത്. ജിഷ വധക്കെസിന്റെ നാള്‍ വഴികളിലൂടെ

2016 ഏപ്രില്‍ 28: പെരുമ്പാവൂരിനടുത്ത് ഇരങ്ങോര്‍ ഇരവിച്ചറയിലെ വീടിനുള്ളില്‍ 29 വയസ്സുള്ള ജിഷയെ രാത്രി ഏട്ട് മണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായ രീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കുറുപ്പംപടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2016 ഏപ്രില്‍ 30: കേസന്വേഷണത്തിന് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുന്നു. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതായി ആരോപണം. സമീപവാസികളുടെ മൊഴികള്‍ പ്രകാരം പൊലീസ് പ്രതിയുടേതെന്ന സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പുറത്ത് വിടുന്നു.
2016 മെയ് 4: ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നു എന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നു എന്നും ക്രൂരമായി കൊലപ്പെടുത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം അന്വേഷിക്കുന്ന സംഘത്തില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി അനില്‍ കുമാറിനെ ഒഴിവാക്കി. പകരം ഡിവൈ.എസ്.പി എ.ബി ജിജിമോന് ചുമതല നല്‍കി. രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരില്‍ ജിഷയുടെ അയല്‍ക്കാരനെ പൊലീസ് കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
2016 മെയ് 8: ജിഷയുടെ സഹോദരിയുടെ സുഹൃത്തിനേ ചുറ്റിപ്പറ്റി അന്വേഷണം. കൊലപാതകി അന്യസംസ്ഥാന തൊഴിലാളിയെണെന്ന സൂചനകള്‍ ലഭിക്കുന്നു. നിര്‍മാണ തൊഴിലാളികള്‍ ധരിക്കുന്ന തരം ചെരിപ്പ് പൊലീസ് ജിഷയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തുന്നു.
2016 മെയ് 10: ജിഷയെ കൊലപ്പെടുത്തിയത് മുന്‍നിരയിലെ പല്ലിന് വിടവുള്ളയാളെന്ന നിര്‍ണായക വിവരം പുറത്ത് വരുന്നു. ജിഷയുടെ മൃതദേഹത്തില്‍കണ്ട മുറിവില്‍നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. മുന്‍നിരയില്‍ മുകളിലും താഴെയുമുള്ള നാല് പല്ലുകളാണ് ജിഷയുടെ മൃതദേഹത്തില്‍ പതിഞ്ഞിട്ടുള്ളത്.

2016 മെയ് 14: ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് കൊലയാളിയുടെ ഡി.എന്‍.എ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളവരുടേതുമായി ഈ ഡി.എന്‍.എ ചേരാത്തത് പൊലീസിന്റെ വഴി മുട്ടിച്ചു.
2016 മെയ് 16: ജിഷയുടെ ഘാതകരേത്തേടി പൊലീസ് ബംഗാളിലെ മൂര്‍ഷിദാബാദിലേക്ക് പോകുന്നു. കൊലപാതകം നടന്ന സ്ഥലത്തെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് ബംഗാളിലേക്ക് പോകുന്നത്. പ്രതി നിര്‍മ്മാണ തൊഴിലാളിയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു.

2016 മെയ് 19: കേസുമായ് ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ഡി.എന്‍.എ പരിശോധന പരാജയപ്പെട്ടതോടെ പൊലീസ് വീണ്ടും ആശയക്കുഴപ്പത്തില്‍.
2016 മെയ് 28:നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തില്‍ എട്ടംഗം സംഘത്തെ ജിഷ വധക്കേസ് ഏല്‍പ്പിക്കുന്നു.
2016 മെയ് 31: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഡി.എന്‍.എ പരിശോധനയില്‍ കൂടുതല്‍ വ്യക്തത. ജിഷയുടെ കൈവിരലില്‍നിന്ന് ലഭിച്ച രക്തക്കറയിലെ ഡി.എന്‍.എയും വസ്ത്രത്തില്‍നിന്ന് ലഭിച്ച ഉമിനീരിലെ ഡി.എന്‍.എയും തമ്മില്‍ ഘടനയില്‍ സാമ്യമുണ്ടെന്നാണ് പരിശോധനാ ഫലം.
2016 ജൂണ്‍ 2: ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീരവും ചീകാത്ത മുടിയുമുള്ള ആളുടെ രേഖാചിത്രമാണ് പുറത്തു വിട്ടത്.
2016 ജൂണ്‍ 10: ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊല നടത്തിയ പ്രതി എന്ന് കരുതുന്ന ആളിന്റെ വീഡിയോ ദൃശ്യംപൊലീസിന് ലഭിച്ചു. ജിഷയ്ക്ക് തൊട്ടുപിന്നിലായി പ്രതിയെന്ന് കരുതുന്ന മഞ്ഞഷര്‍ട്ടിട്ട ഒരു യുവാവും നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജിഷയുടെ വീടിന് സമീപത്തെ വളം വില്‍പന കേന്ദ്രത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങളുള്ളത്.
2016 ജൂണ്‍ 13: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വീടിന് പരിസരത്തുള്ള അന്യ സംസ്ഥാനക്കാരെ പോലീസ് ചോദ്യം ചെയ്തു. 25-ഓളം പേരെ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടിനു പരിസരത്ത് സംഭവ ദിവസം ജോലി ചെയ്തിരുന്ന അന്യ സംസ്ഥാനക്കാരെയാണ് പരിശോധിച്ചത്. പ്രതിയേക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നു.
2016 ജൂണ്‍ 14: വിവരങ്ങള്‍ പ്രകാരം പ്രതിയെ പാലക്കാട് തമിഴ്നാട് – കേരള അതിര്‍ത്തിയില്‍ നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്യുന്നു. അസം സ്വദേശിയായ അമീറുല്‍ ഇസ്‌ലാമിനെയാണ് പിടികൂടിയത്. അന്നു തന്നെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയ്ക്കുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുന്നു.
2016 ജൂണ്‍16: പ്രതിയെ പിടി കൂടിയ വിവരം പുറത്തുവരുന്നു. പത്തു മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതി പിടിയിലായ വിവരം ശരിവെക്കുന്നു. തൊട്ടുപിന്നാലെ ഡി.എന്‍.എ. പരിശോധനാഫലം പുറത്തു വന്നു. ഇതില്‍ നിന്ന് അമീറുല്‍ ഇസ്‌ലാ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചു.
സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മാര്‍ച്ച് 13 ന് തുടങ്ങിയ തുടങ്ങിയ വിചാരണയില്‍ 74 ദിവസം 100 സാക്ഷികളെ വിസ്തരിച്ചു. 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്.