ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ വൈകീട്ട് കോഴിക്കോട് കളക്ട്രേറ്റിലാണ് യോഗം ചേരുക. സമര സമിതിയിലെ രണ്ട് പേര്‍ യോഗത്തില്‍ പങ്കെടുക്കും. സമര സമിതിയെ യോഗത്തിലേക്ക് ക്ഷണിച്ചതോടെ യുഡിഎഫും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എരഞ്ഞിമാവില്‍ എത്തും. പൊലീസ് നടപടിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനാണ് പ്രതിപക്ഷ നേതാവ് എത്തുക.
സമര സമിതിയില്‍ നിന്നും അബ്ദുല്‍ കരീം, ജി അക്ബര്‍ എന്നിവരാണ് പങ്കെടുക്കുക. ഗെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാകും സമര സമിതി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെടുക.
ജനപ്രതിനിധികളും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും മാത്രം യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സമരസമിതിയെ ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനം വിവാദത്തിനിടയാക്കിയിരുന്നു. കൃത്യമായ വിവരം ലഭിച്ചിരുന്നില്ലെന്നും സര്‍വകക്ഷിയോഗം വിളിച്ചു എന്നത് പുകമറയാണെന്നും ആരോപിച്ച് ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ രംഗത്തെത്തിയിരുന്നു. പല കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നതോടെ നിലപാട് സര്‍ക്കാര്‍ മയപ്പെടുത്തി. സമര സമിതിയില്‍ നിന്നും രണ്ട് പേരെ ക്ഷണിക്കാനായി വ്യവസായ മന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.