സര്‍ക്കാറിന് സമരങ്ങളോട് അസഹിഷ്ണുത, അടിച്ചമർത്തിയാൽ മുക്കം സമരം യു ഡി എഫ് ഏറ്റെടുക്കും : ചെന്നിത്തല

കേരളത്തിലെ സര്‍ക്കാറിന് സമരങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം നിര്‍ത്തിയതിന് ശേഷം മാത്രം ചര്‍ച്ചയെന്നത് എല്‍ഡിഎഫ് നിലപാടാണോ എന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുക്കത്ത് അക്രമമുണ്ടാക്കിയത് പൊലീസാണ്. സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട്ട് ജനങ്ങള്‍ ഒരു മാസമായി സമരരംഗത്തുണ്ട്. കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ച് നാട്ടുകാര്‍ സമരം ചെയ്തിരുന്നു.

ഇതിനിടെ യുഡിഎഫ് നേതാക്കള്‍ മുക്കത്തെത്തി ഗെയില്‍ സമരത്തിന് പിന്തുണ അറിയിക്കും. മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, എം.പി മാരായ പി കെ കുഞ്ഞാലിക്കുട്ടി, എം ഐ ഷാനവാസ്, എം.കെ രാഘവൻ, പി കെ ബഷീര്‍ എംഎല്‍എ, ടി സിദ്ദിഖ് എന്നിവരാണ് സംഭവസ്ഥലം സന്ദര്‍ഷിച്ചത്. എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

© 2024 Live Kerala News. All Rights Reserved.