ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി; വിഴിഞ്ഞത്തെ സമരം ഒത്തുതീര്‍പ്പിക്കാന്‍ തീരുമാനം

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനം. പ്രഖ്യാപനം മൂന്നു മണിയോടെ പുറത്തുവരും. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖത്ത് സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കഴിഞ്ഞ പതിനൊന്ന് ദിവസമായി സമരം നടന്നുവരികയാണ്. തൊഴിലാളികള്‍ സമരത്തില്‍ നിന്നും പിന്‍മാറാത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറായത്. നഷ്ടപരിഹാരതുക ഉടന്‍ വിതരണം ചെയ്യുക, പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പിലാക്കുക, പൈലിങ് മൂലം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവരെ പുനരധിവസിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 24നാണ് തുറമുഖത്ത് സമരം തുടങ്ങിയത്.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇതിനിടെ അദാനി ഗ്രൂപ്പും ജില്ലാ ഭരണ കൂടവും സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സമരം പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഇനിയൊരു ചര്‍ച്ചക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. സമരം തുടരുന്നതിനാല്‍ തുറമുഖത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.