ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം തടയാന്‍ വഴിതേടി ബിജെപി; മോഡി ഇന്ന് ഗുജറാത്തിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസത്തോളം മാത്രം സമയം ബാക്കി നില്‍ക്കെ പ്രചാരണച്ചൂടിലേക്ക് ഗുജറാത്ത്. ജിഎസ്ടിയും നോട്ട് നിരോധനവും തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ആയുധമാക്കിയ കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. അതേസമയം, മോഡി തരംഗത്തിലുള്ള പ്രതീക്ഷിയില്‍ നിന്നും ബിജെപിക്കു ഇതുവരെ കരകയറാനായിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രചാരണത്തിന് സമാനമായുള്ള പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഗുജറാത്തിലെത്തും. ഗാന്ധിനഗറിലെ അക്ഷര്‍ധാമിലെ മഹാറാലിയോടെയാണ് മോദിയുടെ ഗുജറാത്ത് പ്രചാരണം ആരംഭിക്കുക. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നവസര്‍ജന്‍യാത്ര ദക്ഷിണഗുജറാത്തില്‍ പര്യടനം തുടരുകയാണ്. ഇതിനിടയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി നല്‍കി ഗുജറാത്തിലെ 25 സീറ്റുകളില്‍ തനിച്ചു മത്സരിക്കാന്‍ ശിവസേന തീരുമാനിച്ചു. ഗുജറാത്തില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും ബിജെപി വോട്ടുകള്‍ വിഘടിക്കാന്‍ ശിവസേനയുടെ തീരുമാനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തിയതികളിലാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്. ബിജെപിയുടെ ഔദ്യോഗിക പ്രചാരണപരിപാടിക്കാണ് മോദിയുടെ റാലിയോടെ തുടക്കമാവുക. മൊത്തം 50 ഓളം റാലികളാണ് ബിജെപി ഒരുക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ മോഡി വോട്ടര്‍മാര്ക്ക് വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, നോട്ട് നിരോധനം, കള്ളപ്പണം തിരിച്ചു പിടിക്കല്‍ തുടങ്ങിയവ കേന്ദ്ര സര്‍ക്കാരിനെ തിരിഞ്ഞു കൊത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിച്ഛായ നഷ്ടം സംഭവിച്ചത് മോഡിക്കാണെന്നും ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് പ്രചാരണം.
പടിതര്‍ നേതാവ് ഹാര്‍ദിക്പട്ടേലിന്റെ നിലപാടുകളെ പിന്തുണയ്ക്കാനും ശിവസേന തീരുമാനിച്ചിട്ടുണ്ട്. ഹാര്‍ദി പട്ടേലുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു ആദ്യം സൂചന. എന്നാല്‍ കൂടിക്കാഴ്ചയുണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

© 2024 Live Kerala News. All Rights Reserved.