ചാലക്കുടി രാജീവ് വധക്കേസില്‍ കുറ്റം നിഷേധിച്ച് ഉദയഭാനു; ‘പ്രതികള്‍ക്കു പറ്റിയത് കയ്യബദ്ധം; ചക്കര ജോണിക്ക് നിയമോപദേശം മാത്രമാണ് നല്‍കിയത്’

റിയല്‍ എസ്റ്റേറ്റ് ഏജന്റ് ചാലക്കുടി രാജീവ് വധക്കേസില്‍ കുറ്റം നിഷേധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ സിപി ഉദയഭാനു. കേസില്‍ തനിക്കു ബന്ധമില്ലെന്നും ചക്കര ജോണിക്ക് നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഉദയഭാനു പൊലീസിനോട് വ്യക്തമാക്കി. അതേസയമയം, രാജീവിനെ ബന്ധിയാക്കിയത് രേഖകളില്‍ ഒപ്പുവെക്കാനെന്നും പ്രതികള്‍ക്കു കയ്യബദ്ധം പറ്റിയതാണെന്നും ഉദയഭാനു പറഞ്ഞു.
കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഉദയഭാനു ഒളിവില്‍ പോവുകയും കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ വെച്ച് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനു ശേഷം ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാജീവ് വധക്കേസിലെ ഏഴാം പ്രതിയായാണ് ഉദയഭാനു. കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് ചാലക്കുടി ഡിവൈഎസ്പി ഓഫിലെത്തിച്ച ഉദയഭാനുവിനെ രാത്രി വൈകിയും ചോദ്യംചെയ്തു.
ഭൂമിയിടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി രേഖകള്‍ ഒപ്പുവയ്പ്പിക്കാനുള്ള ശ്രമമാണ് രാജീവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ മറ്റ് ആറു പ്രതികളും റിമാന്‍ഡിലാണ്.

© 2024 Live Kerala News. All Rights Reserved.