ഗെയില്‍ സമരം: മുക്കത്ത് വീണ്ടും സംഘര്‍ഷം; സമരക്കാര്‍ക്ക് നേരെ പൊലീസ് വീണ്ടും ലാത്തി വീശി

മുക്കം എരഞ്ഞിമാവില്‍ വീണ്ടും സംഘര്‍ഷം. പൊലീസ് സമരക്കാര്‍ക്ക് നേരെ ലാത്തി വീശി. സമരക്കാരെ പൊലീസ് വീടുകള്‍ കയറി അറസ്റ്റു ചെയ്യുന്നത് തുടരുകയാണ്. അതേസമയം, പൊലീസിന്റെ നരനായാട്ടിനെതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി.
ഗെയില്‍ വിരുദ്ധ സമര സമിതിക്കെതിരെ ഇന്നലത്തേതിന്റെ ബാക്കിയായാണ് പൊലീസിന്റെ അതിക്രമം. പൊലീസിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചാണ് സമരക്കാര്‍ക്ക് നേരെ ഇന്ന് ലാത്തിവീശിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വീട്ടുകളില്‍ അതിക്രമിച്ച് കയറി സമരക്കാരെ പൊലീസ് അറസ്റ്റ ചെയ്തു വരികയാണ്. അറസ്റ്റു ചെയ്യുന്നവരെ മോശമായാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെയാണ് സമരക്കാരെ തല്ലിച്ചതയ്ക്കുന്ന പൊലീസ് നടപടിക്കെതിരെ വി എസ് രംഗത്തെത്തിയിരിക്കുന്നത്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടത് നയമല്ലെന്ന് വി എസ് അഭിപ്രായപ്പെട്ടു. നടപ്പെടുന്ന ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ വേഗം ഒത്തുതീര്‍പ്പാക്കണം. വിഴിഞ്ഞത്തെ സമരം അവസാനിപ്പിച്ചാലേ ചര്‍ച്ചയുള്ളൂ എന്ന നിലപാട് മാറ്റണമെന്നും വി എസ് പറഞ്ഞു.
ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട്ട് ജനങ്ങള്‍ ഒരു മാസമായി സമരരംഗത്തുണ്ട്. കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ച് നാട്ടുകാര്‍ സമരം ചെയ്തിരുന്നു. എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകനുള്‍പ്പടെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.

© 2024 Live Kerala News. All Rights Reserved.