അധികാരത്തിലെത്താന്‍ ആരുമായും കൂട്ടുകൂടാന്‍ മടിയില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അവഗണന കിട്ടിയാലും എന്‍ഡിഎ മുന്നണിയോട്കൂടെ ഉണ്ടാകുമെന്ന ധാരണ ആര്‍ക്കുംവേണ്ടെന്നും തുഷാര്‍ പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിഡിജെഎസിന് രണ്ട് മന്ത്രിമാരുണ്ടാവുകയാണ് ലക്ഷ്യമെന്നും തുഷാര്‍ വ്യക്തമാക്കി. ബിഡിജെഎസ് ജില്ലാ പ്രവര്‍ത്തകയോഗം കണ്‍വെന്‍ഷന്‍ യോഗത്തിലാണ് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി തുഷാര്‍ വെള്ളാപ്പള്ളി തുറന്നടിച്ചത്. ബിഡിജെഎസിനെ മറ്റ് രണ്ടു മുന്നണികളും ചേര്‍ന്ന് എന്‍ഡിഎയില്‍ തള്ളിക്കയറ്റിയതാണെന്നും ജിഎസ്ടി അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
ബിഡിജെസിന് പറ്റിയത് ഇടത് മുന്നണിയാണെന്നും ഇക്കാര്യത്തെ കുറിച്ച് പാര്‍ട്ടി ആലോചിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ നടേശന്റെ പ്രസ്താവന അന്ന് തള്ളിക്കളഞ്ഞ തുഷാര്‍ പക്ഷെ ഇന്ന് നിലപാട് തിരുത്തുകയായിരുന്നു. എന്‍ഡിഎയില്‍ കടുത്ത അവഗണനയാണ് ബിഡിജെഎസ് നേരിടുന്നതെന്നും ബിഡിജെഎസ് എന്‍ഡിഎ വിടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.