വിദ്യാര്‍ത്ഥിനിയുടെ മരണത്തെത്തുടര്‍ന്ന് അടച്ച ട്രിനിറ്റി സ്‌കൂള്‍ തുറക്കുന്നത് നാളത്തേക്ക് മാറ്റി

കൊല്ലത്ത് വിദ്യാര്‍ത്ഥിനിയുടെ മരണത്തത്തുടര്‍ന്ന് അടച്ചുപൂട്ടിയ ട്രിനിറ്റി ലൈസിയം സ്‌കൂള്‍ തുറക്കുന്നത് നാളത്തേക്ക് മാറ്റി. ഇന്നലെ ചേര്‍ന്ന പിടിഎ യോഗത്തില്‍ സ്‌കൂള്‍ ഇന്ന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികളായ അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷമേ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ നടപടിയുണ്ടാകൂ എന്ന് മാനേജ്‌മെന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഗൗരിയുടെ മരണത്തിന് പിന്നാലെ അടച്ച സ്‌കൂള്‍ തുറക്കാന്‍ മാനേജ്‌മെന്റ് ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗം തുടക്കത്തില്‍ തടസ്സപ്പെട്ടിരുന്നു. യോഗത്തിനിടെ രക്ഷിതാക്കള്‍ ചേരി തിരിഞ്ഞ് പ്രതിഷേധിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്നതിനെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചപ്പോള്‍ പ്രതികളെ അറസ്റ്റു ചെയ്ത ശേഷം മതിയെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം രക്ഷിതാക്കള്‍. ഇവര്‍ വേദിയില്‍ കയറി പ്രതിഷേധിച്ചു. മകനെ അധ്യാപിക മര്‍ദ്ദിച്ച കാര്യം ചൂണ്ടിക്കാട്ടിയ രക്ഷിതാവിനെ മാനേജ്‌മെന്റ് കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

ഒക്ടോബര്‍ ഇരുപതിനാണ് ട്രിനിറ്റി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരിക്ക് പരിക്കേറ്റത്. ആദ്യം ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ഗൗരിയെ പ്രവേശിപ്പിച്ചത്. അധ്യാപികമാരുടെ പീഡനത്തെത്തുടര്‍ന്ന് ഗൗരി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഗൗരി മരിച്ചു. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതിഷേധച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ അടച്ചത്.

© 2024 Live Kerala News. All Rights Reserved.