ട്രിനിറ്റി സ്‌കൂള്‍ തുറക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗം ബഹളത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടു; പരാതിയുമായി എത്തിയ രക്ഷിതാവിനെ മാനേജ്‌മെന്റ് പ്രതിനിധികള്‍ കയ്യേറ്റം ചെയ്തു

ഗൗരിയുടെ മരണത്തിനു പിന്നാലെ അടച്ചുപൂട്ടിയ ട്രിനിറ്റി ലൈസിയം സ്‌കൂള്‍ തുറക്കാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര പിടിഎ യോഗം ബഹളത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടു. യോഗത്തിനിടെ രക്ഷിതാക്കള്‍ ചേരിതിരിഞ്ഞ് പ്രതിഷേധിച്ചു. ഗൗരിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യാതെ സ്‌കൂള്‍ തുറക്കരുതെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂള്‍ ഉടന്‍ തുറക്കണമെന്ന അഭിപ്രായമായിരുന്നു ഭൂരിഭാഗം മാതാപിതാക്കളും ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു.
സ്‌കൂള്‍ തുറക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട രക്ഷിതാവിനെ മാനേജ്‌മെന്റ് പ്രതിനിധികള്‍ കയ്യേറ്റം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായത്. തന്റെ മകനെ അധ്യാപിക മുഖത്തടിച്ച വിഷയം യോഗം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട രൂപ എന്ന രക്ഷിതാവിനെയാണ് കയ്യേറ്റം ചെയ്തത്. വിഷയം യോഗം ചര്‍ച്ചയ്‌ക്കെടുക്കേണ്ടതില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

തുടര്‍ന്ന് മറ്റ് രക്ഷിതാക്കളും തങ്ങളുടെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തി. യോഗം സംഘടിപ്പിച്ച വേദിയില്‍ കയറി രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. കുറ്റാരോപിതരെ അറസറ്റു ചെയ്യാതെ സ്‌കൂള്‍ തുറക്കരുതെന്ന് വേദിയില്‍ നിന്നും ഒരു മാതാവ് വിളിച്ചു പറഞ്ഞു. ഇതിനിടെ രക്ഷിതാക്കളേയും മാനേജ്‌മെന്റ് പ്രതിനിധികളേയും ശാന്തരാക്കാന്‍ പൊലീസ് ഇടപെട്ടു. പൊലീസ് ഇടപെട്ടതോടെ യോഗം പുരനാരംഭിച്ചു. എന്നാല്‍ പലരും യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ്.
അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും മാനേജ്‌മെന്റ് കയ്യേറ്റ ശ്രമം നടത്തി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ മാധ്യമങ്ങളെ വിലക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.